മാന്നാർ : വിധി ഓരോ തവണ ക്രൂരമായി വേട്ടയാടിയപ്പോഴും രഞ്ജിത്ത് തളർന്നില്ല. ചിരിച്ചു കൊണ്ട് നേരിടാനായിരുന്നു ഈ 40കാരന്റെ തീരുമാനം. വിധി തളർത്തിയിടത്തു നിന്ന് രഞ്ജിത്ത് തുടങ്ങി. അതിജീവനത്തിന്റെ പുതിയ പാഠം. അപകടത്തെ തുടർന്ന് എഴുന്നേറ്റിരിക്കാൻ പോലും കഴിയാത്ത രഞ്ജിത്ത് കട്ടിലിൽ കിടന്നുകൊണ്ട് ഡി.ടി.പി ജോലികൾ ചെയ്ത് വരുമാനം കണ്ടെത്തുകയാണ് ഇപ്പോൾ. കാഴ്ച നഷ്ടപ്പെട്ട അച്ഛൻ, പ്രായമായ അമ്മ, ഭാര്യ എന്നിവരെ പോറ്റാൻ താൻ മാത്രമേയുള്ളുവെന്ന ചിന്തയാണ് ഈ ചെറുപ്പക്കാരന് മനോധൈര്യം പകരുന്നത്. പ്രത്യേകം സ്റ്റാൻഡ് നിർമ്മിച്ച് അതിൽ ലാപ് ടോപ്പ് ഘടിപ്പിച്ചാണ് രഞ്ജിത്ത് ജോലിയെടുക്കുന്നത്.
2007ൽ മുംബയിലുണ്ടായ ഒരു അപകടമാണ് മാന്നാർ നൂറാട്ടു വീട്ടിൽ രാമൻപിള്ള- ഹൈമ ദമ്പതികളുടെ മകനായ രഞ്ജിത്തിന്റെ ഭാവി മാറ്റിയെഴുതിയത്. ഇലക്ട്രിക് ഡിപ്ളോമ പാസായ ശേഷം മുംബയിൽ താരാപ്പൂർ സ്റ്റീൽ പ്ലാന്റിൽ സൂപ്പർവൈസറായി ജോലി നോക്കുന്നതിനിടെ ഒരു ദിവസം രാത്രിയിൽ റൂമിലേക്ക് വരുമ്പോൾ
രഞ്ജിത്തിന്റെ ബൈക്കിന്റെ നിയന്ത്രണംതെറ്റി ഇരുപത്തഞ്ച് അടി താഴ്ചയിലേക്ക് മറിഞ്ഞു.
വീഴ്ചയിൽ രഞ്ജിത്തിന്റെ സ്പൈനൽ കോഡിന് ക്ഷതംപറ്റിയെന്നും നെഞ്ചുഭാഗം മുതൽ താഴോട്ട് ചലനശേഷി നഷ്ടപ്പെട്ടെന്നും മുംബയിലെ ഹോസ്പിറ്റലിലെ ഡോക്ടർമാർ അറിയിച്ചു. അങ്ങനെ രഞ്ജിത്തിന്റെ ജീവിതം കട്ടിലിലായി. മുംബയിൽ ശസ്ത്രക്രിയക്ക് ശേഷം തുടർചികിത്സക്കായി വൈക്കത്തെ ഇന്തോ അമേരിക്കൻ ആശുപത്രിയിലേക്ക് രഞ്ജിത്തിനെ മാറ്റി. ഇവിടെ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് പാലാരിവട്ടം റിഹാബിലിറ്റേഷൻ സെന്ററിൽ എത്തി. മണിപ്പാൽ ആശുപത്രിയിലെ ചികിത്സ ഫലം കണ്ടില്ല. അപകടം നടന്ന് രണ്ട് വർഷത്തെ ആശുപത്രി വാസത്തിനുശേഷമാണ് രഞ്ജിത്ത് വീട്ടിൽ തിരിച്ചെത്തിയത്. പിന്നെ ആറുവർഷം കിടന്ന കിടപ്പിൽ . ഇതിനുശേഷമാണ് എഴുന്നേറ്റിരിക്കാവുന്ന സ്ഥിതിയിലായത്. അമ്മാവൻ വാങ്ങി നൽകിയ മുച്ചക്ര സ്‌കൂട്ടറിലായി പിന്നെ സഞ്ചാരം. ഇതിനിടയിൽ വിവാഹാലോചനകളും തുടങ്ങി. എല്ലാം അറിഞ്ഞുകൊണ്ട് തഴവ സ്വദേശിനി കല ജീവിതസഖിയായി. 2016 നവംബർ അഞ്ചിനായിരുന്നു വിവാഹം. ജോലി ചെയ്തിരുന്ന കമ്പനി, അപകടം സംഭവിച്ച നാൾ മുതൽ എല്ലാമാസവും ശമ്പളം അക്കൗണ്ടിൽ നല്കിയിരുന്നു. എന്നാൽ പുതിയ ഭരണ സാരഥികൾ വന്നപ്പോൾ 2016 ഡിസംബറോടെ ഇത് നിറുത്തിയതോടെയാണ് വരുമാനമാർഗത്തിനായി വീട്ടിൽ ഡി.ടി.പി സെന്റർ തുടങ്ങിയത്. വീൽച്ചെയറിൽ ഇരുന്നാണ് ഡി.ടി.പി ജോലിീൾ ചെയ്തത്. ഭാര്യയും സഹായിച്ചു.
വിധിയുടെ ക്രൂരത വീണ്ടും
ഡി.ടി.പി സെന്ററിലൂടെ ജീവിതം മുന്നോട്ടു നീങ്ങുന്നതിനിടെയാണ് വിധി വീണ്ടും വേട്ടയാടിയത്. സ്ഥിരമായി വീൽച്ചെയറിൽ ഇരുന്ന് ജോലിചെയ്തതുകൊണ്ട് നട്ടെലിന്റെ താഴ്ഭാഗത്തിന് പൊട്ടലുണ്ടായി. ഇരിക്കാൻ കഴിയാതായതോടെ വീണ്ടും കട്ടിലിലായി.ഇനി ഒന്നും പറ്റില്ലെന്ന് തോന്നിയ നാളുകൾ. വെൽഡിംഗ് വർക്ക്ഷോപ്പ് നടത്തുന്ന സുഹൃത്തായ സുധീഷുമായി കൂടിയാലോചിച്ചാണ് ജോലി വീണ്ടും തുടരുന്നതിനുള്ള മാർഗം തേടിയത്. അങ്ങനെ, രണ്ടു പേരുടെയും കൂട്ടായ ആലോചനയിൽ ലാപ്പ്ടോപ് വയ്ക്കാൻ പ്രത്യകം സ്റ്റാൻ ഡുണ്ടാക്കുകയായിരുന്നു.