ആലപ്പുഴ: 'കേരം തിങ്ങും കേരളനാട്ടിൽ കെ.ആർ. ഗൗരി ഭരിച്ചീടും എന്ന് പാടി നടന്നിട്ട് അച്യുതാനന്ദൻ മുഖ്യമന്ത്രിയായി അല്ലേ..."
തൊട്ടരികിലിരുന്ന വി.എസിനെ നോക്കി ഗൗരിഅമ്മ ചോദിച്ചു. വി.എസ് ഒന്നും മിണ്ടിയില്ല. വി.എസിന്റെ മകൻ അരുൺ 'വിഷയ'ത്തിൽ ഇടപെട്ടു, അന്ന് അച്ഛനല്ല മുഖ്യമന്ത്രിയായത്... പത്ത് വർഷങ്ങൾക്കു ശേഷം ഗൗരിഅമ്മയെ കാണാൻ ചാത്തനാട്ടെ കളത്തിപ്പറമ്പിൽ വീട്ടിലെത്തിയതായിരുന്നു വി.എസ്.
'ഗൗരിഅമ്മയുടെ ജന്മദിനത്തിൽ വരാൻ കഴിഞ്ഞില്ല. അന്ന് അച്ഛന് ലോ ബി.പിയായിരുന്നു. ഇന്ന് കുട്ടനാട്ടിൽ ഒരു പരിപാടിയുണ്ടായിരുന്നു. അതിന് വന്നതാണ്. ഗൗരിഅമ്മയെ കാണണമെന്ന് അച്ഛൻ പറഞ്ഞു'- സ്വീകരണ മുറിയിൽ കസേരയിൽ ഇരിക്കുകയായിരുന്ന ഗൗരിഅമ്മയോട് അരുൺ 'വന്നവഴി' വിശദീകരിച്ചു. 'അപ്പോൾ എന്റെ ജന്മദിന സദ്യ ഉണ്ടില്ല അല്ലേ'- അല്പം ശുണ്ഠിയോടെ ഗൗരിഅമ്മയുടെ ചോദ്യം. വി.എസ് ഉൗറിച്ചിരിച്ചു. 'പണ്ട് അച്യുതാനന്ദൻ ഇവിടെ വന്നാൽ കരിമീൻ കഴിച്ചിട്ടേ പോകുകയുള്ളായിരുന്നു. കരിമീൻ കുറേ കഴിച്ചിട്ടുണ്ട്. എടാ പൊലീസേ, അച്യുതാനന്ദന് കഴിക്കാൻ എന്തെങ്കിലും കൊടുക്ക്'- വീട്ടിൽ കാവലുള്ള പൊലീസുകാരനെ നോക്കിക്കൊണ്ട് ഗൗരിഅമ്മ പറഞ്ഞു.
'ഞാനാണോ അച്യുതാനന്ദനാണോ മൂത്തത്?'- ചോദ്യം ഗൗരിഅമ്മ വക. 'ഗൗരിഅമ്മയാണ് മൂത്തത്, ഞാൻ ഇളയതും'- വി.എസിന്റെ മറുപടിയും താമസിച്ചില്ല. ഇതിനിടെ ലഡുവും കേക്കുമെത്തി. വി.എസ് ലഡുവെടുത്ത് കഴിച്ചു. അച്യുതാനന്ദന്റെ കല്യാണം നടത്തിയത് താനാണെന്ന് ഗൗരിഅമ്മ പറഞ്ഞപ്പോൾ, ഗൗരിഅമ്മ ഇപ്പോഴും പയറുപോലെയാണ് നടക്കുന്നതെന്ന് അമ്മ പറയാറുണ്ടെന്നായി അരുൺ. എല്ലാം കേട്ടിരുന്ന വി.എസ് ഗൗരിഅമ്മയ്ക്ക് നന്മ നേർന്ന് മടങ്ങി.