ih

 ദുർഗന്ധം നിറഞ്ഞ് പള്ളിപ്പുറം ഐ.എച്ച്.ആർ.ഡി സ്കൂൾ പരിസരം

പൂച്ചാക്കൽ: സ്കൂൾ പരിസരത്ത് രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായതോടെ

പള്ളിപ്പുറം ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് മൂക്കു പൊത്തിക്കൊണ്ടു പോലും ക്ളാസിലിരിക്കാൻ പറ്റാത്ത അവസ്ഥ. കഴിഞ്ഞ ദിവസം രാത്രിയിലും ടാങ്കർ ലോറിയിലെത്തിയ സംഘം ഇവിടെ മാലിന്യം തള്ളി.

ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജും സ്കൂളും ഉൾപ്പെടുന്ന 30 ഏക്കറോളം വരുന്ന ഈ ഭാഗത്ത് പല സ്ഥലങ്ങളിലായി ഇതിനോടകം നിരവധി തവണ കക്കൂസ് മാലിന്യങ്ങൾ തള്ളിയിട്ടുണ്ടെങ്കിലും ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. പള്ളിപ്പുറം മലബാർ സിമന്റ് ഫാക്ടറിക്കു സമീപമുള്ള ഇവിടെ വീടുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തിക്കുന്ന കക്കൂസ് മാലിന്യം തള്ളാൻ മറ്റ് തടസങ്ങളൊന്നുമില്ല. ഈ ഭാഗത്ത് നിരീക്ഷണ കാമറകൾ ഇല്ലാത്തതും സൗകര്യമാണ്. ചേർത്തല - അരൂക്കുറ്റി റോഡിനു പിന്നാലെ സമാന്തര റോഡായ എം.എൽ.എ റോഡിലും ഹോട്ടൽ മാലിന്യവും ശുചിമുറി മാലിന്യവുമടക്കം തള്ളുന്നുണ്ട്. എം.എൽ.എ റോഡിൽ അടുവയിൽ ക്ഷേത്രത്തിനു സമീപവും ചൂരമന കലുങ്കിന് സമീപവും പ്ലാസ്റ്റിക് ബാഗുകളിലാക്കി ഹോട്ടൽ മാലിന്യം തള്ളിയിരുന്നു. തുടർന്ന് രൂക്ഷമായ ദുർഗന്ധമാണ് പ്രദേശത്തുണ്ടായത്. മാലിന്യം തള്ളുന്ന ഭാഗങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യവുമുണ്ട്.

....................................

 പള്ളിപ്പുറം ഇൻഫോ പാർക്കിന് സമീപം മാലിന്യം തള്ളാനെത്തിയ വാഹനം മണ്ണിൽ പുതഞ്ഞു

 തൈക്കാട്ടുശേരിയിൽ മാലിന്യം തള്ളാനെത്തിയവരെ രണ്ട് തവണ നാട്ടുകാർ പിടികൂടി

..........................................

# കണ്ണുതുറക്കാതെ കാമറകൾ

മാലിന്യം തള്ളുന്നവരെ കുടുക്കാൻ കാമറകൾ സ്ഥാപിക്കുന്നതിന് ചേന്നംപള്ളിപ്പുറം, തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തുകൾ പദ്ധതി ഇട്ടിരുന്നുവെങ്കിലും നടപ്പായില്ല. തൈക്കാട്ടുശേരി പഞ്ചായത്ത് 26 ലക്ഷം കെൽട്രോണിന് കൈമാറിയിരുന്നു. ചേന്നംപള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് ആദ്യഘട്ടത്തിൽ 6 ലക്ഷം രൂപയാണ് കാമറയ്ക്കായി നീക്കിവച്ചിട്ടുള്ളത്. പൂച്ചാക്കൽ, മാക്കേക്കടവ് ജംഗ്ഷൻ, ജപ്പാൻ കുടിവെള്ള പ്ലാന്റിന് സമീപം, ശാന്തിക്കവല, തൈക്കാട്ടുശേരി-തുറവൂർ പാലം, ചിറയ്ക്കൽ പാലം, വല്യാറ എന്നിവിടങ്ങളിലായി ഏഴ് കാമറകൾ സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം.

............................................

'സ്കൂൾ വളപ്പിൽ മാലിന്യം തള്ളുന്നത് ക്ലാസുകളെ പോലും ബാധിക്കുന്നുണ്ട്. ദുർഗന്ധം മൂലം കുട്ടികളും അദ്ധ്യാപകരും വലയുകയാണ്. പി.ടി.എ നിർദ്ദേശപ്രകാരം പഞ്ചായത്ത് ഓഫീസിലും ചേർത്തല പൊലീസിലും പരാതി നൽകിയിട്ടും പ്രശ്നത്തിന് പരിഹാരമില്ല'

(ട്വിങ്കിൾ പി.ജോൺ, പ്രിൻസിപ്പൽ)