തുറവൂർ: തുറവൂർ, കുത്തിയതോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ തണ്ണീർത്തടങ്ങൾ വ്യാപകമായി നികത്തുന്നുവെന്ന് പരാതി. ചില ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഒത്താശയോടെയാണ്, വെള്ളക്കെട്ടിന് വഴിയൊരുക്കും വിധം നികത്തൽ തുടരുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
നല്ലൊരു മഴ പെയ്താൽ വെള്ളക്കെട്ടിൽ ദുരിതം പേറുന്ന മേഖലകളിലാണ് നികത്തൽ കൂടുതൽ . തുറവൂർ പഞ്ചായത്തിൽ മനക്കോടം പ്രദേശം, പുത്തൻചന്ത പടിഞ്ഞാറ്, കാവിൽ പ്രദേശം, കുത്തിയതോട് പഞ്ചായത്ത് രണ്ടാം വാർഡിൽ ചാവടി കരാച്ചിറ തോടിനു സമീപം, 9-ാം വാർഡിൽ തറയിൽ ഭാഗം, ആറാം വാർഡിൽ നാളികാട് എന്നിവിടങ്ങളിലെ നീർത്തടങ്ങളാണ് നികത്തുന്നത്. നാട്ടുകാരുടെ പ്രതിഷേധവും വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോയും കാരണം ഇടയ്ക്ക് നിറുത്തി വയ്ക്കുന്ന നീർത്തടം നികത്തൽ ഒഴിവ് ദിവസങ്ങളിലും രാത്രി കാലങ്ങളിലും പുനരാരംഭിക്കുന്നതാണ് പതിവ്. കുത്തിയതോട് പഞ്ചായത്ത് 13-ാം വാർഡിലെ നെരിയിൽ, കൈതക്കാട് എന്നിവിടങ്ങലിലെ നീർത്തടങ്ങൾ വ്യാപകമായി ഇതിനകം നികത്തിക്കഴിഞ്ഞു.
# ഒരാഴ്ച 'നിരീക്ഷണം'
നീർത്തടങ്ങൾക്ക് സമീപം ടിപ്പറുകളിൽ ഇറക്കുന്ന പൂഴി ഏതാനും ആഴ്ചകൾ കഴിഞ്ഞ് നിരത്തുകയാണ് പതിവ്. നികത്തിയ സ്ഥലത്ത് പലയിടത്തായി തെങ്ങിൻ തൈകളും നടാറുണ്ട്. പഞ്ചായത്ത് റോഡുകളുടെ സമീപത്തെ നീർത്തടങ്ങളാണ് നികത്തുന്നവയിൽ ഭൂരിഭാഗവും. താഴ്ന്ന പ്രദേശങ്ങളാണിത്. മഴക്കാലത്ത് വെള്ളക്കെട്ടിന്റെ ദുരതം അനുഭവിക്കുന്നവരാണ് പ്രദേശവാസികൾ എന്ന് വ്യക്തമായി അധികൃതർക്ക് അറിയാമെങ്കിലും മാഫിയകളെ നിയന്ത്രിക്കാൻ കഴിയുന്നില്ല. പരാതിയുമായി കളക്ടറെ സമീപിക്കാനാണ് നാട്ടുകാരുടെ തീരുമാനം.