ശരീരത്തിലെത്തിയാൽ 'പ്രവർത്തനം' ഒരാഴ്ചയ്ക്കുള്ളിൽ
ആലപ്പുഴ: കായംകുളത്ത് 93 സ്കൂൾ കുട്ടികളിൽ ഛർദ്ദിക്കും വയറിളക്കത്തിനും വഴിയൊരുക്കിയ 'ഷിഗെല്ല' ബാക്ടീരിയ അത്ര ചില്ലറക്കാരനല്ല. ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഒരാഴ്ച 'സാഹചര്യങ്ങൾ' നിരീക്ഷിക്കും. തുടർന്നാവും ആക്രമണം. രോഗം മൂർച്ഛിച്ച് തലച്ചോറിനെ ബാധിച്ചാൽ മരണം വരെ സംഭവിക്കാം.
ഷിഗെല്ല ബാക്ടീരിയ കുടുംബത്തിലെ 'ഷിഗെല്ല സോണി' ബാക്ടീരിയയാണ് കായംകുളത്ത് വില്ലനായത്. 93 കുട്ടികളെയാണ് ഇവൻ കിടത്തിക്കളഞ്ഞത്. മഴക്കാലമെത്തിയതോടെ ജില്ലയിൽ ഒരാഴ്ചയോളമായി വയറിളക്കരോഗികളുടെ എണ്ണമേറുകയാണ്. 150ൽ പരം ആളുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം രോഗബാധിതരായത്. ഇതിനിടെ ഷിഗെല്ല സ്ഥിരീകരിച്ചത് മറ്റൊരു ആശങ്കയായി.
ഇതു രണ്ടാംതവണയാണ് ജില്ലയിൽ ഷിഗെല്ല റിപ്പോർട്ട് ചെയ്യുന്നത്. 2016 ജൂണിലായിരുന്നു ആദ്യം. തൃക്കുന്നപ്പുഴ, കരുവാറ്റ എന്നിവിടങ്ങളിലെ രണ്ട് കുട്ടികൾക്കാണ് അന്ന് രോഗം സ്ഥിരീകരിച്ചത്. 200ഓളം പേർ ആ സമയം വയറിളക്ക രോഗത്തിന് ചികിത്സ തേടിയിരുന്നു. കുടലിനെയും ആമാശയത്തെയും ബാധിക്കുന്ന ബാക്ടീരിയ കലശലായ വയറിളക്കത്തിനാണ് തുടക്കം കുറിക്കുന്നത്. വെള്ളത്തിലൂടെയും ഭക്ഷണ പദാർത്ഥങ്ങളിലൂടെയുമാണ് ബാക്ടീരിയ മനുഷ്യ ശരീരത്തിൽ എത്താനുള്ള സാദ്ധ്യത ഏറ്റവുമധികമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.
ബാക്ടീരിയ ശരീരത്തിൽ എത്തിയാൽ ഒരാഴ്ചകൊണ്ടാണ് പ്രവർത്തിച്ചു തുടങ്ങുക. കോളറ പോലെയുള്ള ലക്ഷണമാണ് ഷിഗെല്ലയ്ക്കും. മലത്തിൽ രക്തം കലർന്നതായി കാണും. 2 മുതൽ 4 വയസ് വരെയുള്ള കുട്ടികൾക്കാണ് രോഗം ബാധിക്കാനുള്ള സാദ്ധ്യത കൂടുതൽ. സാധാരണ വയറിളക്കത്തെക്കാൾ മാരകമാണ് ഷിഗെല്ല. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ രോഗം മൂർച്ഛിച്ച് തലച്ചോറിനെ ബാധിക്കും.
ജില്ലയിൽ ആലപ്പുഴ നഗരം, കുട്ടനാട്, അമ്പലപ്പുഴ എന്നിവിടങ്ങളിൽ പൈപ്പ് പൊട്ടൽ തുടർക്കഥയാകുമ്പോൾ വയറിളക്ക രോഗങ്ങൾക്ക് സാദ്ധ്യതയേറെയാണ്. പൊട്ടിയ പൈപ്പിലൂടെ മാലിന്യം കലരാനിടയുണ്ട്. പല സ്ഥലങ്ങളിലും പൈപ്പ് വെള്ളത്തിലൂടെ കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെയാണ് എത്തുന്നത്.
...........................................
ലക്ഷണങ്ങൾ
# വയറിളക്കത്തോടൊപ്പം പനി
# മലത്തിൽ രക്തത്തിന്റെ അംശം
# ശക്തമായ വയറുവേദന, ഛർദ്ദി
...........................................
പരിഹാര മാർഗങ്ങൾ
# തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
# തുറന്നുവച്ചതും പഴകിയതുമായ ഭക്ഷണം ഒഴിവാക്കുക
# പൂർണമായും വേവിച്ച ഭക്ഷണം കഴിക്കുക
# കുട്ടികളുടെ നഖം കൃത്യമായി വെട്ടുക
# വ്യക്തിശുചിത്വം പാലിക്കുക
........................................
'ഷിഗെല്ല സോണി വയറിളക്കം അത്ര മാരകമല്ല. എന്നാൽ ഷിഗെല്ല ഷിഗയെ പേടിക്കണം. കുട്ടികളിൽ രോഗം വരാനുള്ള സാദ്ധ്യത കൂടുതലായതിനാൽ കുട്ടികൾ ശുചിത്വം പാലിക്കുന്നുണ്ടോയെന്നത് രക്ഷിതാക്കളും അദ്ധ്യാപകരും ശ്രദ്ധിക്കണം. വയറിളക്ക രോഗങ്ങൾ ശ്രദ്ധിക്കപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം'
(ഡോ. അനിതകുമാരി, ജില്ലാ മെഡിക്കൽ ഒാഫീസർ)
.......................................
'മലിന ജലത്തിലൂടെയും വൃത്തിഹീനമായ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല സോണി പകരുന്നത്. ഭക്ഷണം പാചകം ചെയ്യുന്ന കുടിവെള്ള സ്രോതസുകളിൽ പൊട്ടൽ ഉണ്ടെങ്കിൽ വെള്ളം തിളപ്പിച്ച് മാത്രമേ ഉപയോഗിക്കാവൂ. കുട്ടികളിലാണ് അസുഖം കാണപ്പെടുന്നത്. രോഗബാധിതരായ കുട്ടികളിൽ നിർജ്ജലീകരണത്തിന് സാദ്ധ്യത ഉള്ളതിനാൽ ഒ.ആർ.എസ് ലായിനി ഇടയ്ക്കിടെ കൊടുക്കണം'
(ഡോ.ബി.പദ്മകുമാർ, മെഡിസിൻ വിഭാഗം മേധാവി, ആലപ്പുഴ മെഡിക്കൽ കോളേജ്)