സി.ബി.എൽ നിയമാവലി പ്രകാശനം 9ന്
ആലപ്പുഴ: ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സി.ബി.എൽ) മത്സര വേദികൾ, മത്സരരീതി എന്നിവ സംബന്ധിച്ച് സമ്പൂർണമായ അഭിപ്രായ സമന്വയം ഉണ്ടാക്കിയതായും സി.ബി.എല്ലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 9 ക്ലബുകൾ, വള്ളം ഉടമകൾ എന്നിവരുമായി മൂന്നു ദിവസത്തിനുള്ളിൽ കരാർ ഒപ്പിടുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കളക്ടറേറ്റിൽ ചുണ്ടൻ വള്ളം ക്ലബ്ബുകളുടെയും ഉടമകളുടെയും ചാമ്പ്യൻസ് ബോട്ട് ലീഗ് സംസ്ഥാന സമിതി അംഗങ്ങളുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ചാമ്പ്യൻസ് ലീഗിന്റെ നിയമാവലി 9 ന് പ്രകാശനം ചെയ്യും. ആചാര പ്രധാനമായ പായിപ്പാട് വള്ളംകളിയുടെ ദിവസം മാറ്റാൻ ബുദ്ധിമുട്ടുള്ളതിനാൽ സെപ്തംബർ 14ന് നിശ്ചയിച്ചിരുന്ന തൃശൂർ കോട്ടപ്പുറം മത്സരം 21ലേക്ക് മാറ്റിയതായി മന്ത്രി പറഞ്ഞു. തുടർന്നുവരുന്ന ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ ഒരാഴ്ച മുന്നോട്ട് മാറും. സമാപന മത്സര ദിനത്തിൽ മാറ്റമുണ്ടാകില്ല. കരാർ ഉറപ്പിച്ചാൽ ഈ മാസം തന്നെ ടീമുകളുടെ സ്‌പോൺസർഷിപ്പിന് വേണ്ടിയുള്ള ലേലം നടത്തും. ഇതു വഴി ലഭിക്കുന്ന വരുമാനത്തിന്റെ പകുതി സി.ബി.എൽ കമ്പനിക്കായിരിക്കും. ശേഷിക്കുന്ന തുക ബോട്ട് ക്ലബ്ബുകൾ, വള്ളം ഉടമകൾ എന്നിവർക്ക് പങ്കു വയ്ക്കാം. ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവർക്ക് 5 ലക്ഷവും രണ്ടാം സ്ഥാനക്കാർക്ക് മൂന്നു ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷവും ലഭിക്കും.
യോഗത്തിൽ ടൂറിസം ഡയറക്ടർ ബാലകിരൺ, കളക്ടർ അദീല അബ്ദുള്ള, സബ്കളക്ടർ കൃഷ്ണ തേജ, ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി, നഗരസഭാ ചെയർമാൻ തോമസ് ജോസഫ് എന്നിവർ സംസാരിച്ചു.
..............................................
സി.ബി.എൽ ചുരുക്കം
12 മത്സര വേദികൾ
ഈ മാസം സ്പോൺസർഷിപ്പ് ലേലം
സി.ബി.എല്ലിൽ പങ്കെടുക്കുന്നവർക്ക് വേറെ സ്‌പോൺസർ പാടില്ല
എല്ലാ വള്ളങ്ങൾക്കും നാല് ലക്ഷം രൂപ ബോണസ്
സി.ബി.എൽ മത്സര സമയം നാലിനും അഞ്ചിനും ഇടയിൽ
.........................................................
നെഹ്രുട്രോഫിയെ ബാധിക്കില്ല
നെഹ്രുട്രോഫി മത്സര രീതികളിൽ ഒരു മാറ്റവും ഉണ്ടാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. നാലു വളളങ്ങൾ വീതമുള്ള അഞ്ച് ഹീറ്റ്‌സ് ഉണ്ടാവും. വേഗത്തിന്റെ അടിസ്ഥാനത്തിൽ ഫൈനൽ നടക്കും. ആദ്യ ഹീറ്റ്‌സിൽ, ലീഗിൽ ഉള്ള ഒമ്പത് വള്ളങ്ങളിൽ ഏറ്റവും വേഗം കൂടിയ 4 വള്ളങ്ങൾ മത്സരിക്കും. രണ്ടാം ഹീറ്റ്‌സിൽ അതു കഴിഞ്ഞുള്ള നാലു വള്ളങ്ങൾ. മൂന്നാം ഹീറ്റ്‌സിൽ ഒമ്പതാമത്തെ വള്ളവും നറുക്കെടുക്കുന്ന മറ്റു വള്ളങ്ങളും മത്സരിക്കും. ടിക്കറ്റ് വില്പന സി.ബി.എൽ കമ്പനി തന്നെയായിരിക്കും നിർവഹിക്കുക. നെഹ്രു ട്രോഫിയുടെ വരുമാനത്തിന് എല്ലാ ഗ്യാരണ്ടിയും ടിക്കറ്റ് വാങ്ങുന്നവർക്ക് ഇരിപ്പിടവും ഉറപ്പാക്കും.