ആലപ്പുഴ: പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട, പള്ളാത്തുരുത്തി പതിനഞ്ചിൽ ചിറയിൽ വീട്ടിൽ സുഭാഷിണിക്കും സഹോദരി രേവമ്മയ്ക്കും ഇന്നലെ സ്വപ്ന സാക്ഷാത്കാരത്തിന്റെ ദിനമായിരുന്നു. കഴിഞ്ഞ ആഗസ്റ്റിലുണ്ടായ പ്രളയത്തിൽ ഇവരുടെ വീടടക്കം സർവ്വതും നഷ്ടപ്പെട്ടിരുന്നു. സ്വന്തമായൊരു കിടപ്പാടമെന്ന ആഗ്രഹം നിറവേറ്റി കരുത്തു പകർന്നിരിക്കുകയാണ് ഐ ആം ഫോർ ആലപ്പി പദ്ധതി.
അഞ്ച് മാസം കൊണ്ടാണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 570 ചതുരശ്ര അടിയുള്ള വീട്ടിൽ അടുക്കള, രണ്ടു കിടപ്പുമുറികൾ, ഹാൾ, കക്കൂസ് എന്നീ സൗകര്യങ്ങളാണുള്ളത്. ബാഹുബലി മൂവീസിന്റെ സഹായത്തോടെ 5.85 ലക്ഷം രൂപ വിനിയോഗിച്ചാണ് വീട് നിർമ്മിച്ചത്. വെള്ളം കയറാൻ സാദ്ധ്യതയുള്ള പ്രദേശമായതിനാൽ ഭൂനിരപ്പിൽ നിന്ന് അഞ്ചടിയോളം ഉയരത്തിലാണ് അടിത്തറ തീർത്തിരിക്കുന്നത്. നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല.
വീടിന്റെ താക്കോൽ ദാനം വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ ബാല കിരൺ നിർവ്വഹിച്ചു. ആലപ്പുഴ സബ് കളക്ടർ വി.ആർ.കൃഷ്ണതേജ, നഗരസഭാദ്ധ്യക്ഷൻ തോമസ് ജോസഫ്, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.