ആലപ്പുഴ : മൃഗങ്ങളുടെ സാംക്രമിക രോഗ നിർണയ പരിശോധനകൾ പ്രാദേശിക വെറ്ററിനറി ഡിസ്പെൻസറികളിൽ നടത്താത്തതിനാൽ ക്ഷീരകർഷകരടക്കം ബുദ്ധിമുട്ടുന്നു. എല്ലാ പരിശോധനകൾക്കും ജില്ലാ വെറ്ററിനറി ബാബിനെ ആശ്രയിക്കേണ്ട ഗതികേടിലാണ്. കൂടുതൽ സാമ്പിളുകൾ പ്രതിദിനം എത്തുന്നതിനാൽ ഇവിടെ നിന്ന് പരിശോധനാഫലവും വൈകും.
രോഗനിർണയം നടത്തുന്നതിനുള്ള ഉപകരണങ്ങൾ പ്രാദേശിക ഡിസ്പെൻസറികളിൽ ഉണ്ടെങ്കിലും പരിശോധന നടത്താൻ വെറ്ററിനറി സർജൻമാർ മുൻകൈയെടുക്കുന്നില്ലെന്നാണ് പരാതി .
പ്രാദേശിക ഡിസ്പെൻസറികളിൽ പരിശോധന നടത്താത്തതിനാൽ മാസം 800 മുതൽ 1000വരെ സാമ്പിളുകളാണ് ജില്ലാ ലാബിൽ പരിശോധിക്കേണ്ടിവരുന്നത്. കായംകുളം മുതൽ ചേർത്തല വരെയുള്ളവർ കിലോമീറ്ററുകൾ യാത്ര ചെയ്താണ് സാമ്പിളുകളുമായി ഇവിടെ എത്തുന്നത്. മൃഗങ്ങളുടെ രക്തം, മലം, മൂത്രം, ഉമിനീർ, ആന്തരികാവയവങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ജില്ലാ ലാബിലും ലാബ് ടെക്നിഷ്യന്റെ കുറവ് പ്രവർത്തനത്തെ ബാധിക്കുന്നു. രണ്ട് ഷിഫ്റ്റ് ഡ്യൂട്ടിയുള്ള ജില്ലാ ലാബിൽ വൈകിട്ട് 5 കഴിഞ്ഞാൽ അടിയന്തര ഘട്ടത്തിൽ പോലും പരിശോധന നടത്താൻ ലാബ്ടെക്നിഷ്യൻ ഇല്ല.
മൃഗങ്ങളുടെ പോസ്റ്റുമോർട്ടം ഉൾപ്പെടെ നടത്താൻ കഴിയുന്ന സംവിധാനത്തോടെയുള്ള ബയോകെമിസ്ട്രി ലാബാണ് ജില്ലാ മൃഗാശുപത്രിയിൽ പ്രവർത്തിക്കുന്നത്.
78
മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ജില്ലയിൽ വെറ്ററിനറി ഡിസ്പെൻസറികൾ, ആശുപത്രികൾ, പോളിക്ളിനിക് എന്നിവ ഉൾപ്പെടെ 78 ആശുപത്രികളും 45ലധികം സബ് സെന്ററുകളുമുണ്ട്
1000
മാസം 800 മുതൽ 1000ൽ അധികം സാമ്പിളുകളാണ് ജില്ലാ ലാബിൽ പരിശോധിക്കേണ്ടിവരുന്നത്.
പോളിക്ളിനിക്കിലും പരിശോധന ഇല്ല
ജില്ലാ ലാബിന് പുറമേ ചെങ്ങന്നൂർ, മാവേലിക്കര,കായംകുളം,ഹരിപ്പാട്,ചേത്തല, മങ്കൊമ്പ് എന്നിവിടങ്ങളിലായി ആറ് പോളിക്ളിനിക്കുകളും ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെയും ലാബ് ടെക്നിഷ്യന്മാർ ഉണ്ടെങ്കിലും സാമ്പിളുകളുടെ പരിശോധന കൃത്യമായി നടക്കാറില്ല. ചേർത്തലയിൽ ലാബ് ടെക്നിഷ്യൻ താസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.
"പ്രാദേശിക ആശുപത്രികളിൽ പരിശോധന നടത്താൻ യോഗ്യതയുള്ള ജീവനക്കാരെ നിയമിക്കണം. പഞ്ചായത്തുകളുടെ പദ്ധതി നിർവഹണ പ്രവർത്തനങ്ങൾക്ക് പോകേണ്ടിവരുന്നതും പരിശോധനക്ക് തടസമാകുന്നു "
പ്രാദേശിക വെറ്ററിനറി സർജൻമാർ
" പ്രാദേശിക ആശുപത്രികളിൽ പരിശോധന നടത്താനുള്ള സംവിധാനം ഏർപ്പെടുത്തിയാൽ ജില്ലാ ലാബിൽ എത്തുന്നതിനുള്ള സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ കഴിയും.
പൊന്നപ്പൻ, ക്ഷീരകർഷകൻ,തോട്ടപ്പള്ളി