സകലവിധ ശുചീകരണ പ്രവർത്തനങ്ങളും താറുമാറായി
കായംകുളം: കായംകുളത്ത് ഛർദ്ദി, വയറിളക്കം, ഡെങ്കിപ്പനി ഉൾപ്പെടെ സകലവിധ പകർച്ചവ്യാധികളും വ്യാപകമായിട്ടും ശുചീകരണ, കൊതുക് നിർമാർജ്ജന പ്രവർത്തനങ്ങളാകെ താളം തെറ്റിയ നിലയിൽ.
മഴക്കാല പൂർവ രോഗപ്രതിരോധ പ്രവർത്തനങ്ങളും ശുചീകരണവും പേരിലൊതുങ്ങിയതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം. നഗരവും വാർഡുകളും ചീഞ്ഞു നാറുകയാണ്. രോഗം പരത്തുന്ന കൊതുകുകൾ 44 വാർഡുകളിലും മൂളിപ്പറക്കുമ്പോൾ അധികൃതർ തികഞ്ഞ നിസംഗതയാണ് കാട്ടുന്നതെന്ന് ആക്ഷേപമുണ്ട്. മുൻ കാലങ്ങളിൽ മഴയ്ക്ക് മുൻപായി വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നു. ഓരോ വാർഡിനും തുക അനുവദിച്ച് അതത് കൗൺസിലർമാരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. ഇങ്ങനെ കൊതുകു ശല്യം ഒരുപരിധി വരെയെങ്കിലും നിയന്ത്രിക്കാൻ സാധിച്ചിരുന്നു.
ഇത്തവണ വാർഡുകളിലെന്നല്ല നഗരത്തിൽപോലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നില്ല. മഴ പെയ്താൽ വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകാനുള്ള സാഹചര്യമാണ് എങ്ങും. നഗരത്തിന്റെ മുക്കിലും മൂലയിലും അപകടകരമാം വിധം കൊതുക് ശല്യം വർദ്ധിച്ചിട്ടുണ്ട്. കൊതുകിനെ തുടത്താൻ മരുന്നടിക്കുന്ന പ്രവൃത്തികൾ നഗരസഭ നിറുത്തിവച്ചിട്ട് വർഷങ്ങളായി. ഫോഗിംഗും നടത്താറില്ല.
..........................................................
# നഗരസഭ Vs ആരോഗ്യം
എലിപ്പനി പടർന്നാലും ആരോഗ്യ പ്രവർത്തകർക്ക് നിസംഗത
നഗരസഭ- ആശുപത്രി അധികൃതർ തമ്മിൽ ചർച്ചകളില്ല
പ്രത്യേക ഒ.പി, പനി വാർഡ് സൗകര്യങ്ങൾ സർക്കാർ ആശുപത്രിയിലില്ല
ദിവസേന മൂന്ന് ടൺ മാലിന്യം നീക്കുന്നുണ്ടെന്ന് നഗരസഭ
ഇത് വെറും അവകാശവാദം മാത്രമെന്ന് നാട്ടുകാർ
നഗരത്തിലെ 240 ഓടകളും തോടുകളും കുളങ്ങളും ശുചീകരിച്ചെന്ന് നഗരസഭ
ഒരു വാർഡിൽപ്പോലും ശുചീകരണം നടന്നിട്ടില്ലെന്ന് നാട്ടുകാർ
............................................................
'മാലിന്യ നീക്കവും സംസ്കരണവും കാര്യക്ഷമമായി നടക്കുന്നുണ്ട്. ദിനംപ്രതി 5 ടൺ മാലിന്യം സംസ്കരിക്കാൻ ഓർഗാനിക് വേസ്റ്റ് കൺവർട്ടർ സ്ഥാപിക്കുന്നതിന് 2.5 കോടിയുടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്'
(എൻ.ശിവദാസൻ, നഗരസഭ ചെയർമാൻ)