ആലപ്പുഴ: നാടുനീളെ നടന്ന് വായനയുടെ വെളിച്ചം പകരുന്ന മുത്തശ്ശിയുടെ സഞ്ചാരം പുതുതലമുറയ്ക്ക് വേറിട്ട അനുഭവമാകുന്നു. 13 വർഷമായി ചെങ്ങന്നൂർ ബുധനൂർ കലാപോഷിണി ഗ്രന്ഥശാലയുടെ ഫീൽഡ് ലൈബ്രേറിയനായി പ്രവർത്തിക്കുന്ന എഴുപത്തിമൂന്നുകാരിയായ ഉമാദേവി അന്തർജ്ജനമാണ് വായന പ്രോത്സാഹിപ്പിക്കാൻ പുസ്തകങ്ങളുമായി വീടുകൾ കയറിയിറങ്ങുന്നത്.

തോളിൽ പുസ്തകം നിറച്ച സഞ്ചിയുമായി രാവിലെ 9 ന് തുടങ്ങുന്ന യാത്ര അന്തിമയങ്ങും വരെ നീളും. ഒരോ വീട്ടിലും കയറിയിറങ്ങുന്ന ഉമാദേവി അന്തർജ്ജനത്തിന്റെ മുഖ്യ ലക്ഷ്യം തന്നെ കൂടുതൽപേരെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരികയാണ്. വായനാ ലോകത്തിനു മാതൃകയായി മാറുകയാണ് ബിരുദധാരിയായ ഈ മുത്തശ്ശി. ഇരുന്നൂറിൽപ്പരം അംഗങ്ങൾക്കാണ് വീടുകളിലെത്തി പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. പുതിയ പുതിയ വായനക്കാരെ കണ്ടെത്തുന്നതിൽ ഉമാദേവി പ്രത്യേക ശ്രദ്ധ കൊടുക്കുന്നുമുണ്ട്. ചെറുകഥകൾ, നോവൽ, കവിതകൾ, നാടകങ്ങൾ, ബാലസാഹിത്യം തുടങ്ങിയവയാണ് ഉമാദേവി അന്തർജ്ജനം വായനക്കാരിലെത്തിക്കുന്നത്.

1950ൽ സ്ഥാപിതമായ ബുധനൂർ കലാപോഷിണി ഗ്രന്ഥശാലയിൽ ഇപ്പോൾ ഇരുപതിനായിരത്തിൽപ്പരം പുസ്തകങ്ങളുണ്ട്. പ്രളയത്തിൽ നിരവധി പുസ്തകങ്ങൾ നഷ്ടപ്പെട്ടു. കൊട്ടാരക്കര താഴെ മംഗലത്ത് മഠത്തിൽ പരേതരായ മധുസൂധനൻ കണ്ഠരരുടെ മകളായ ഉമാദേവി കൊട്ടാരക്കര മാർത്തോമ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സെന്റ് ഗ്രിഗോറിയോസ് കോളജിൽ നിന്നു ബി.എ ബിരുദമെടുത്തു. ഭർത്താവ് ജാതവേദ ഭട്ടതിരിപ്പാടിൻെറ മരണത്തോടെ ജീവിതത്തിനു മുന്നിൽ പകച്ചു നിന്ന അന്തർജ്ജനത്തിന് ബുധനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമായ അഡ്വ. പി. വിശ്വംഭരപ്പണിക്കരാണ് ലൈബ്രേറിയനായി നിയമനം നൽകിയത്. ആദ്യം തുച്ഛവേതനത്തിൽ അഞ്ച് വർഷത്തേക്കാണ് നിയമിച്ചത്. പിന്നീട് ജോലിയുടെ ആത്മാർത്ഥതയും സത്യസന്ധതയും ബോദ്ധ്യപ്പെട്ട് നീട്ടിക്കൊടുക്കുകയായിരുന്നു.