a

മാവേലിക്കര: ജില്ലയിലെ ആദ്യ വനിത സെൽ എക്‌സറ്റൻഷൻ കൗണ്ടർ മാവേലിക്കരയിൽ പ്രവർത്തനം തുടങ്ങി. ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. മാവേലിക്കര മുനിസിപ്പൽ ചെയർപേഴ്‌സൺ ലീല അഭിലാഷ് അധ്യക്ഷയായി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഘുപ്രസാദ്, ആലപ്പുഴ അഡിഷണൽ എസ്.പി ബി.കൃഷ്ണകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സി.ഐ പി.ശ്രീകുമാർ സ്വാഗതവും വനിതാ സെൽ എസ്.ഐ റോസമ്മ നന്ദിയും പറഞ്ഞു.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കു​റ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനും അവരുടെ പരാതികൾ കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ കേസുകളിൽ കൗൺസിലിംഗ് നൽകുന്നതിനുമുള്ള പൊലീസ് സംവിധാനമായ വനിതാ സെൽ നിലവിൽ ജില്ലാ പൊലീസ് കാര്യാലയത്തിൽ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ജില്ലയിൽ കായംകുളം, മാവേലിക്കര, നൂറനാട്, ചെങ്ങന്നൂർ തുടങ്ങിയ തെക്കൻ പ്രദേശങ്ങളിൽ നിന്നും മുതിർന്ന സ്ത്രീകൾക്കും കുട്ടികൾക്കും പ്രശ്‌ന പരിഹാരത്തിനായി ആലപ്പുഴ നഗരത്തിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വനിതാ സെല്ലിന്റെ ഒരു കൗണ്ടർ ജില്ലയുടെ തെക്കൻ പ്രദേശത്ത് തുടങ്ങാൻ തീരുമാനിച്ചത്. മാവേലിക്കര പൊലീസ് സ്​റ്റേഷൻ കേന്ദ്രീകരിച്ച് വ്യാഴം, വെളളി, ശനി ദിവസങ്ങളിലാണ് വനിതാ സെല്ലിന്റെ കൗണ്ടർ പ്രവർത്തിക്കുക.

2019ൽ കാണാതായത്

21 സ്ത്രീകൾ

മാവേലിക്കരയിലും പരിസര പ്രദേശങ്ങളിലും കാണാതാകുന്ന സ്ത്രീകളേയും കുട്ടികളുടെ എണ്ണം വർദ്ധിച്ചതായും കുടുംബ പ്രശ്‌നങ്ങൾ സംബന്ധിച്ച പരാതികളും സ്ത്രീകൾക്കെതിരെയുളള അതിക്രമങ്ങളും കൂടിയതായും കേസുകളുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2019ൽ മാവേലിക്കര പൊലീസ് സ്​റ്റേഷനിൽ മാത്രം 21 സ്ത്രീകളെയാണ് കാണാതായത്. ഈ വർഷം 3 സ്ത്രീകളാണ് താലൂക്കിൽ ആത്മഹത്യ ചെയ്തത്. സ്ത്രീകളെ ആക്രമിച്ച് കവർച്ച നടത്തിയതിന് 3 കേസുകൾ രജിസ്‌റ്റർ ചെയ്തു.