water

 കണ്ടെത്തിയത് മോട്ടോറിന്റെ അറ്റകുറ്റപ്പണിക്കിടെ

കായംകുളം: കായംകുളം കണ്ടപ്പുറത്ത് വാട്ടർ അതോറിട്ടിറിയുടെ കുഴൽക്കിണറിലെ മോട്ടോർ അറ്റകുറ്റപ്പണികൾക്കായി പുറത്തെടുത്തപ്പോൾ കണ്ടത്, ചീഞ്ഞളിഞ്ഞ നിലയിൽ മോട്ടോറിൽ കുരുങ്ങിക്കിടന്ന മഞ്ഞച്ചേരയെ! ഇത്രയും നാൾ കുടിച്ച വെള്ളത്തിന്റെ 'മഹിമ' മനസിലോർത്ത നാട്ടുകാർ തുള്ളിവെള്ളം പോലും ഇറക്കാനാവാത്ത മാനസികാവസ്ഥയിലായി.

കണ്ടല്ലൂർ പഞ്ചായത്തിലെ 9,10 വാർഡുകളിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് കണ്ടപ്പുറം. ഇവിടെ പൈപ്പ് ജംഗ്ഷനിലുള്ള കുഴൽക്കിണറിലെ മോട്ടോറിലാണ് ചത്ത ചേരയെ കണ്ടത്. അറ്റകുറ്റപ്പണിക്ക് എത്തിയ ജീവനക്കാർ അധികമാരും കാണുന്നതിനു മുൻപ് 'തെളിവ്' നശിപ്പിച്ചു.

കായലാൽ ചുറ്റപ്പെട്ട പ്രദേശമാണ് ഇവിടം. വാട്ടർ അതോറിട്ടിയുടെ ജലവിതരണം മാത്രമാണ് ആശ്രയം. കുഴൽക്കിണറിൽ നിന്നു പൈപ്പിലേക്ക് നേരിട്ട് പമ്പ് ചെയ്യുന്ന രീതിയാണിവിടെ. കുഴൽക്കിണറിൽ 40 അടിവരെ താഴ്ത്തിയാണ് മോട്ടോർ വയ്ക്കുന്നത്. ‌ഈ മോട്ടോറിലാണ് ചേര ചുറ്റിക്കിടന്നത്. മോട്ടോർ തകരാർ കാരണം നാല് ദിവസമായി പമ്പിംഗ് മുടങ്ങിക്കിടക്കുകയായിരുന്നു.