മാവേലിക്കര: തഴക്കര ആക്കനാട്ടുകര കനച്ചുകുളത്തിന്റെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം ഇടിഞ്ഞു വീണു. ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ 12 ലക്ഷം രൂപ ചെലവഴിച്ചു നവീകരിച്ച 33 മീറ്റർ നീളവും 29 മീറ്റർ വീതിയുമുള്ള കുളം കഴിഞ്ഞ ജനുവരിയിലാണു ഉദ്ഘാടനം ചെയ്തത്. മാലിന്യങ്ങൾ നീക്കി സംരക്ഷണ ഭിത്തികൾ പുനർനിർമ്മിച്ചിരുന്നു. റോഡിനും കുളത്തിനും ഇടയിലുള്ള ഭാഗം ടൈൽ പാകി വൃത്തിയാക്കി സംരക്ഷണ ഭിത്തിയുടെ ഭാഗത്തു കൈവരികളും സ്ഥാപിച്ചിരുന്നു. ഇതിന്റെ ഒരു ഭാഗമാണു ടൈൽ ഉൾപ്പെടെ കുളത്തിലേക്ക് ഇടിഞ്ഞു വീണത്.
ആക്കനാട്ടുകര കനച്ചകുളത്തിന്റെ സംരക്ഷണഭിത്തിക്ക് തകരാർ സംഭവിച്ചതിൽ നിർമ്മാണ അപാകതയില്ലെന്ന് എൻജിനിയർമാരുടെ സംഘം റിപ്പോർട്ട് നൽകിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് അറിയിച്ചു. ഇന്റർലോക്ക് കട്ടകൾ വിരിച്ച ഭാഗത്ത് ഭാരം കയറ്റിയ വണ്ടി നിർത്തിയിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസത്തെ മഴയിൽ കൽക്കെട്ടുകളുടെ വശത്തിലൂടെ മണ്ണൊലിച്ചതാണ് തകർച്ചയ്ക്ക് കാരണം. വെള്ളം വറ്റുന്ന മുറയ്ക്ക് കരാറുകാരന്റെ ചുമതലയിൽ നിർമ്മാണം നടത്തുമെന്നും രഘുപ്രസാദ് പറഞ്ഞു.