photo

ചേർത്തല: വടക്കേ അങ്ങാടിക്കവല വികസനത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ കടകൾ ഒഴിപ്പിക്കൽ നടപടികൾ തുടരുന്നു. ഇന്നലെ10 കടകൾ ഒഴിപ്പിച്ചു. കവല വികസന പദ്ധതിയിൽ നഷ്ടപരിഹാര തുക കൈപ്പ​റ്റിയിട്ടും ഒഴിയാതിരുന്ന വാടകക്കാരെയും നഷ്ടപരിഹാരത്തുക വാങ്ങാതെ പ്രവർത്തനം തുടരുന്നവരെയുമാണ് ഒഴിപ്പിച്ചതെന്നു പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു.

പൊലീസ് സാന്നിദ്ധ്യത്തിൽ കടകൾ പൂട്ടി മുദ്റവച്ചു. ഇവർക്കെല്ലാം മുൻകൂർ നോട്ടീസ് നൽകിയിരുന്നെന്നും അധികൃതർ പറഞ്ഞു. കെട്ടിട ഉടമകളിൽ നിന്ന് ആവശ്യമായ രേഖകൾ വാങ്ങി നിയമ നടപടികളെല്ലാം പൂർത്തിയാക്കി ആധാരം രജിസ്​റ്റർ ചെയ്ത ശേഷമായിരിക്കും കെട്ടിടങ്ങൾ പൊളിക്കുക. ആകെ 27 സ്ഥാപനങ്ങളാണ് ഒഴിപ്പിക്കുകയും പൊളിക്കുകയും വേണ്ടത്. ഇതിൽ 6 എണ്ണത്തിന്റെ പൊളിക്കലും ആധാരം രജിസ്ട്രേഷനും പൂർത്തിയായി.

ഇതിനിടെ ഒരു ട്രാൻസ്‌ഫോർമർ മാ​റ്റി സ്ഥാപിക്കാനും വൃക്ഷം നീക്കം ചെയ്യാനുമുള്ള പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. ട്രാൻസ്‌ഫോർമർ നീക്കം ചെയ്യാൻ കെ.എസ്.ഇ.ബിയിൽ പണം അടച്ചിട്ടുണ്ടെന്നും വൃക്ഷം ലേലത്തിനെടുക്കാൻ ആരും വരുന്നില്ലെന്നും അധികൃതർ പറയുന്നു. കവലയിൽ നിന്നു പടിഞ്ഞാറോട്ടും കിഴക്കോട്ടും 60 മീ​റ്ററും തെക്ക് വടക്ക് ദിശകളിൽ 50 മീ​റ്റർ നീളത്തിലുമായി 43 സെന്റ് സ്ഥലമാണ് ഏ​റ്റെടുക്കേണ്ടത്. സ്ഥലമെടുപ്പിന് 5.82 കോടിരൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.