s

മാവേലിക്കര: നഗരഹൃദയത്തിലുള്ള കോട്ടത്തോടിന്റെ നവീകരണത്തിൽ വൻ അഴിമതിയാണ് നടക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. പുനർനിർമ്മാണത്തിന്റെ മറവിൽ അനധിക്യത കൈയേറ്റക്കാരെ സഹായിക്കുന്ന തരത്തിൽ തോടിന്റെ വശങ്ങളിൽ നിന്നും ഒന്നര മീറ്റർ വരെ ഉള്ളിലേക്ക് കയറ്റി നിർമ്മാണ പ്രവർത്തനം നടത്തുന്നതിന് പിന്നിൽ കോടികളുടെ അഴിമതിയാണ് നഗരസഭാ അധികൃതർ നടത്തുന്നത്. വെറും ഓടയുടെ വലിപ്പത്തിലേക്ക് തോടി​നെ മാറ്റി വശങ്ങൾ കൈയയ്യേക്കാർക്ക് നൽകാനുള്ള ഗൂഡ നീക്കമാണ് നടക്കുന്നത്. കോട്ടത്തോടിന്റെ വീതി കൂട്ടാനുള്ള നടപടികൾ കൈകൊള്ളണമെന്നും ഇതിനെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം കമ്മി​റ്റി ആവശ്യപെട്ടു.

തോട് നവീകരണത്തി​ൽ ഗൂഡാലോചനയുടെ ഭാഗമായി നടത്തുന്ന അഴിമതിക്കെതിരെ ബി.ജെ.പി ശക്തമായി പ്രതിഷേധിക്കുമെന്ന് മാവേലിക്കര മുനിസിപ്പാലിറ്റി ഏരിയ കമ്മിറ്റികളുടെ ഭാരവാഹി യോഗം അറിയിച്ചു.
യോഗം നിയോജക മണ്ഡലം പ്രസിഡന്റ് വെട്ടിയാർ മണിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. നോർത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ.എം.ഹരികുമാർ അദ്ധ്യക്ഷനായി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.കെ.അനൂപ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ട്രഷറർ വി.എസ്.രാജേഷ്, സെക്രട്ടറി അഡ്വ.കെ.വി.അരുൺ, സൗത്ത് ഏരിയാ പ്രസിഡന്റ് വിജയകുമാർ പരമേശ്വരത്ത്, ഏരിയ കമ്മിറ്റി ഭാരവാഹികളായ സന്തോഷ് കുമാർ മറ്റം, എസ്.ആർ.അശോക് കുമാർ, മനോജ്, സാബു തോമസ്, പാർലമെൻറി പാർട്ടി ലീഡർ എസ്.രാജേഷ് എന്നിവർ സംസാരിച്ചു.