train

 ഉത്തര റെയിൽവേക്കായി കാസ്നബ് ബോഗി​ നിർമ്മിക്കാനുള്ള ഓർഡറാണ് ലഭിച്ചത്

ആലപ്പുഴ : നഷ്ടത്തിന്റെ പാതയിലൂടെ പായുന്ന ചേർത്തല ആട്ടോകാസ്റ്റ് ലി​മിറ്റഡി​ന് പി​ടി​വള്ളി​യായി​ റെയി​ൽവേയുടെ കാസ്നബ് ബോഗി​കൾ നിർമ്മിക്കാനുള്ള ഓർഡർ. ഗുഡ്സ് വാഗണുകളി​ൽ ഉപയോഗി​ക്കുന്ന കാസ്നബ് ബോഗികൾ ഉത്തര റെയി​ൽവേയുടെ പഞ്ചാബ് സോണി​നു വേണ്ടി​ നിർമ്മിക്കാനുള്ള ഓർഡറാണ് ആട്ടോകാസ്റ്റിന് ലഭിച്ചത്.

2010 മുതൽ നഷ്ടത്തി​ൽ പ്രവർത്തി​ച്ചു വരികയാണ് ആട്ടോകാസ്റ്റ്. 2017 - 2018 ലെ നഷ്ടം 11.60 കോടിയായി​രുന്നു. ​റെയിൽവേക്ക് ആവശ്യമായ 5 ശതമാനം ബോഗി നിർമ്മിക്കാനുള്ള ഒാർഡറാണ് ലഭിച്ചത്. നിലവാരമുള്ള ബോഗി നിർമിച്ചു നൽകിയാൽ തുടർ ടെൻഡറിൽ 20 ശതമാനം ബോഗികൾ നിർമ്മിക്കാനുള്ള ഒാർഡർ നൽകുമെന്ന വാഗ്ദാനം ലഭിച്ചതും പ്രതീക്ഷ ഉയർത്തുന്നു.റെയി​ൽവേയ്ക്ക് വർഷത്തി​ൽ രണ്ടായി​രത്തോളം കാസ്നബ് ബോഗി​കളാണ് വേണ്ടി​വരുന്നത്. ഇതി​ന്റെ പത്ത് ശതമാനമെങ്കി​ലും ഭാവി​യി​ൽ ഇവി​ടെ നി​ർമ്മി​ക്കാൻ കഴി​ഞ്ഞാൽ ആട്ടോകാസ്റ്റ് ലാഭത്തിലേക്ക് എത്തുമെന്ന് അധികൃതർ പറയുന്നു. വർഷം നാലു കോടി​യുടെ ടേണോവറാണ് ഇപ്പോൾ ലഭി​ച്ചി​ട്ടുള്ള ഓർഡറി​ലൂടെ കൈവരി​ക്കാനാവുക.

സംസ്ഥാന സർക്കാർ 40 കോടി രൂപ ആട്ടോകാസ്റ്റിലെ പ്ലാന്റിന്റെ വികസനത്തിനുവേണ്ടി അനുവദിച്ചിരുന്നു. 5 ടൺശേഷിയുള്ള ശാസ്ത്രീയ സംവിധാനമുള്ള ആർക്ക് ഫർണസും ഹീറ്റ് ട്രീറ്റ്മെന്റ് പ്ലാന്റും സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രതിവർഷം 6000 മെട്രിക് ടൺ സ്റ്റീൽ കാസ്റ്റിംഗ് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ക്ലാസ് എ ഫൗണ്ടറിയാണ് ഒാട്ടോകാസ്റ്റിലുള്ളത്. നിലവിലുള്ള എൻജിനീയർമാർക്കും തൊഴിലാളികൾക്കും കാസ്നബ് ബോഗി നിർമ്മിക്കുന്നതിൽ വിദഗ്ദ്ധ പരിശീലനം നൽകും.

........

തയ്യാറെടുപ്പുകൾ തുടങ്ങി

കാസ്നബ് ബോഗി നിർമ്മാണത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഇന്ത്യൻ റെയിൽവേയുടെ സ്റ്റീൽ കാസ്റ്റിംഗ് ഓർഡുകൾ ലഭിക്കുന്നതിനായി റെയിൽവേയുടെ ഗുണപരിശോധനാ വിഭാഗമായ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്‌സ് ഓർഗനൈസേഷന്റെ ക്ലാസ് എ ഫൗണ്ടറി സർട്ടിഫിക്കറ്റും നേടാനായി. പുതിയ മെഷിനിംഗ് യൂണിറ്റ്, ആർക്ക് ഫർണസ്, ഇലക്രിട് ഇൻഡക്‌ഷൻ ഫർണസ്, സാൻഡ് മിക്‌സർ, സാൻഡ് റിക്ലമേഷൻ പ്ലാന്റ്, പ്ലാനർ മില്ലർ, റേഡിയൽ ഡ്രില്ലിംഗ് മെഷീൻ, ഷോട്ട് ബ്ലാസ്റ്റിംഗ് മെഷീൻ, മോൾഡ് ബോക്‌സുകൾ, എന്നിവയാണ് പുതിയതായി സ്ഥാപിക്കുക.

..........

# കടത്തിൽ നിന്ന് കരകയറാൻ

പ്രതിമാസം 300 മെട്രിക് ടൺ സ്റ്റീൽ കാസ്റ്റിംഗ് ആണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഉത്പാദനശേഷി വർദ്ധിപ്പിച്ചാൽ കടക്കെണിയിൽ നിന്ന് കമ്പനിക്ക് കരകയറാം. അസംസ്കൃത വസ്തുക്കൾ വാങ്ങിച്ച വകയിൽ കമ്പനിക്ക് ഇപ്പോൾ ബാദ്ധ്യതയുണ്ട്. 33 കോടി രൂപ വൈദ്യുതിത്തുക കുടിശികയുമുണ്ട്. പ്രതിമാസം 29 ലക്ഷം രൂപയാണ് വൈദ്യുതി ചാർജ്. ജീവനക്കാരുടെ ശമ്പളവും ആനുകൂല്യവും മുടങ്ങുന്നുണ്ട്.

..........

'' ലക്‌നൗവിൽ നിന്ന് ബോഗിയുടെ രൂപരേഖ ലഭിച്ചതിനുശേഷമേ മറ്റ് നടപടികളിലേക്ക് കടക്കാനാകൂ. ബോഗികളുടെ നിർമാണം ആരംഭിക്കുന്നതോടെ ഒാട്ടോകാസ്റ്റിന്റെ നഷ്ടം നി​കത്താനാകും. നിലവിലുള്ള ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ബോഗി നിർമ്മാണത്തിന് പ്രാപ്തരാക്കും.

എ .ശ്യാമള

ഓട്ടോകാസ്റ്റ് എം.ഡി

........

ഒറ്റനോട്ടത്തിൽ

# ഒാട്ടോകാസ്റ്റിൻെറ വിസ്തീർണം : 54 ഏക്കർ

# വികസന ഫണ്ട്.............. 40 കോടി

# പ്രതിവർഷം സ്റ്റീൽ കാസ്റ്റിംഗ് ഉദ്പാദനശേഷി.......... 6000 മെട്രിക് ടൺ

350 സ്ഥിരം ജീവനക്കാർ

15താത്കാലിക ജീവനക്കാർ

 2017 - 2018 ലെ നഷ്ടം

11.60 കോടി​

 കാസ്നബ് ബോഗി

ഗുഡ്സ് വാഗണിനിലാണ് കാസ്നബ് ബോഗി ഉപയോഗിക്കുക. ട്രെയിനിന്റെ വീലാണ് ബോഗി. റെയിൽവേ നേരത്തേ ഫാബ്രിക്കേറ്റഡ് ബോഗിയായിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോൾ കാസ്റ്റിംഗ് ബോഗി ഉപയോഗിക്കുന്നു. കാസ്റ്റിംഗ് ബോഗിയുടെ ഡിസൈനിനെയാണ് കാസ്നബ് ബോഗി എന്ന് പറയുന്നത്.