ഹരിപ്പാട്: പാഠപുസ്തകത്തിൽ കണ്ട് മാത്രം പരിചയമുള്ള നെൽപ്പാടം കണ്ടപ്പോൾ കുരുന്നുകൾക്ക് കൗതുകം, ആഹ്ളാദം. മഹാദേവികാട് ഗവ.യു.പി സ്കൂളിലെ നൂറിലധികം കുട്ടികളാണ് കാർത്തികപ്പള്ളി വലിയകുളങ്ങരയിലെ പപ്പാടിചാലിൽ പാടത്ത് എത്തിയത്.
മൂന്ന്പതിറ്റാണ്ടിലേറെ തരിശ് കിടന്ന മഹാദേവികാട്ടെ പപ്പാടിചാലിൽ പാടത്തിന്റെ കുറച്ച് ഭാഗം മാസങ്ങൾക്ക് മുമ്പാണ് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കാർത്തികപ്പള്ളി കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷിക്കായി ഒരുക്കിയത്. ഈ പാടത്തേക്കാണ് കുട്ടികൾ എത്തിയത്. ഞാറുകൾ പറിച്ച് നടുന്ന പണിയാണ് പാടത്ത് ഇപ്പോൾ നടക്കുന്നത്. വയൽപ്പാട്ടും പാടി എത്തിയ കുട്ടികളെ കുരവയിട്ടും കയ്യടിച്ചും കുട്ടികളോടൊപ്പം പാട്ടുകൾ ഏറ്റുപാടിയുമാണ് കൃഷി പണിയിലേർപ്പെട്ടിരുന്ന സ്ത്രീകൾ സ്വീകരിച്ചത്. കണ്ടത്തിലിറങ്ങിയ കുട്ടികൾ പലരും ഞാറുനടാൻ സ്ത്രീകളോടൊപ്പം കൂടി. പിന്നീട് അദ്ധ്യാപകർ ഏറെ പണിപ്പെട്ടാണ് ഇവരെ പാടത്തുനിന്നും കരയ്ക്ക് കയറ്റിയത്. തുടർന്ന് കുട്ടികളുടെ സംശയങ്ങൾക്ക് കാർത്തികപ്പള്ളി കൃഷിഓഫീസർ ആർ.സുനിൽകുമാർ മറുപടി നൽകി. കുട്ടികളെ സ്വീകരിക്കാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി വി.കൈപ്പള്ളിൽ, വൈസ് പ്രസിഡന്റ് എസ്.അല്ലിറാണി, കൃഷി അസിസ്റ്റന്റുമാരായ ജി.ഹരികുമാർ, എം.ഷമീർ എന്നിവർ എത്തിയിരുന്നു. ഹെഡ്മിസ്ട്രസ് എ.നസീന, സയൻസ് ക്ലബിന്റെ ചുമതല വഹിക്കുന്ന കെ.എസ്. ഷീബ എന്നിവർ നേതൃത്വം നൽകി.