gd

ഹരിപ്പാട്: ഒറ്റ രാത്രികൊണ്ട് സമ്പാദ്യങ്ങളെല്ലാം ചാരമായിപ്പോയി സങ്കട കടലിൽ അകപ്പെട്ട് ഇനി എന്തെന്നറിയാതെ ഒരു കുടുംബം. ആറാട്ടുപുഴ മംഗലം പുത്തൻചിറയിൽ ശിവദാസന്റെ കുടുംബമാണ് ഉടുതുണിക്ക് മറുതുണി​ ഇല്ലാത്തവരായി മാറിയത്. രാത്രിയോടെ ഉയർന്ന് പൊങ്ങിയ തീ നാളത്തിൽ നിന്നും എല്ലാവരും രക്ഷപെട്ടു എന്നതാണ് ഇപ്പോഴത്തെ ഏക ആശ്വാസം.

കഴിഞ്ഞ ജൂൺ രണ്ടിന് പുലർച്ചെ രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്. വീട്ടുകാർ എല്ലാം നല്ല ഉറക്കത്തിലായിരുന്നു ഹാളിൽ കിടന്നുറങ്ങിയ മകൾ ഗീത എന്തോ ശബ്ദം കേട്ടു ഉണർന്നപ്പോഴാണ് വീടിന്റെ മേൽക്കൂരയിൽ തീ ആളിപ്പടരുന്നത് കണ്ടത്. ഉടനെ തന്നെ രണ്ടുമക്കളെയും മറ്റൊരു മുറിയിൽ ഉറങ്ങിയിരുന്ന അച്ഛൻ ശിവദാസനേയും അമ്മ ലക്ഷ്മിയേയും വിളിച്ചുണർത്തി പുറത്ത് കടക്കുകയായി​രുന്നു.

ഫയർഫോഴ്സ് എത്തിയപ്പോഴേക്കും മൂന്ന് കിടപ്പുമുറികളും വിറക് പുരയും അതിനുള്ളിൽ ഉണ്ടായിരുന്ന മുഴുവൻ സാധനസാമഗ്രികളും കത്തിച്ചാമ്പലായി. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് വലിയ ദുരന്തത്തിൽ നിന്നും എല്ലാവരും രക്ഷപെട്ടത്. മുറികളിൽ ഉണ്ടായിരുന്ന തടികൊണ്ട് നിർമിച്ച അലമാര അടക്കമുള്ള വീട്ടുപകരണങ്ങൾ, ഇരുമ്പ് പെട്ടികളിലും അലമാരകളിലും സൂക്ഷിച്ച വസ്ത്രങ്ങൾ, ആധാരം, സർട്ടിഫിക്കറ്റുകൾ, ലാപ് ടോപ്പ് അടക്കമുള്ള വിലപ്പെട്ട വസ്തുക്കൾ, 27000 രൂപ എല്ലാം കത്തിയമർന്നു. ഭിത്തികൾ മുഴുവൻ പൊട്ടി പിളർന്ന് വീട് പൂർണമായും ഉപയോഗശൂന്യമായ നിലയിലാണ്. ഗവ.ആയൂർവേദ ആശുപത്രിയിൽ അറ്റൻഡറായിരുന്ന ശിവദാസന് മൂന്ന് പെൺ മക്കളായിരുന്നു. മൂവരെയും വിവാഹം കഴിപ്പിച്ചയച്ചു. കുറഞ്ഞ പെൻഷൻ കൊണ്ട് മുന്നോട്ട് പോകാൻ കഴിയാത്തതിനാൽ വീട്ടിൽ കയർപിരി കൂടി നടത്തിയാണ് ചികിത്സയും നിത്യവൃത്തിയും കഴിഞ്ഞ് പോകുന്നത്. അച്ഛനും അമ്മയും രോഗികളായതിനാൽ രണ്ടാമത്തെ മകൾ ഗീതയുടെ കുടംബവും ഇവരോടൊപ്പമുണ്ട്. ഇപ്പോൾ ഇവർ വാടകയ്ക്ക് ഒരു വീടെടുത്ത് താമസിക്കുകയാണ്. വീട് മുഴുവൻ പൊളിച്ച് മാറ്റി​ പുതിയ വീട് നിർമിക്കുക മാത്രമാണ് ഏക പരിഹാരം.മുട്ടാവുന്ന വാതിലുകളെല്ലാം തന്റെ സങ്കടവുമായി ശിവദാസൻ കയറിയിറങ്ങുകയാണ്. മുഖ്യമന്ത്രിക്ക് അടക്കം എല്ലാവർക്കും അപേക്ഷ നൽകിയിട്ടുണ്ട്. സുമനസുകളും സർക്കാരും കനിയുമോ എന്നതാണ് ഇപ്പോഴത്തെ പ്രതീക്ഷ. അക്കൗണ്ട് നമ്പർ: 67224246727 (വി. ശിവദാസൻ എസ് .ബി.ഐ കാർത്തികപ്പള്ളി ശാഖ, ഐ. എഫ്. എസ്. സി​ എസ്. ബി​. ഐ എൻ.0070076)