തുറവൂർ : ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലെ വെള്ളക്കെട്ട് യാത്രക്കാർക്കും കാൽനടയാത്രികർക്കും ദുരിതമാകുന്നതായി പരാതി. ദേശീയപാതയിൽ തുറവൂർ ജംഗ്ഷനിൽ എറണാകുളം ഭാഗത്തേക്കുള്ള ബസുകൾ നിറുത്തുന്ന പടിഞ്ഞാറെ ബസ് സ്റ്റോപ്പിലാണ് ചെറിയ മഴയത്തു പോലും വെള്ളക്കെട്ട് രൂപപ്പെടുന്നത്.
കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര ബസുകളടക്കം നിറുത്തുന്ന ഇവിടെ എല്ലായ്പോഴും യാത്രക്കാരുടെ തിരക്കാണ്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ബസിൽ കയറാനും ഇറങ്ങാനും സ്ത്രീകളും കുട്ടികളും ഉൾപ്പടെ വളരെയധികം ക്ലേശിക്കുന്നു. പാതയോരത്തെ വെള്ളക്കെട്ടിൽ നിന്ന് രക്ഷപ്പെടാൻ യാത്രക്കാർ റോഡിലേക്ക് കയറി നിൽക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. സ്റ്റോപ്പിന് തൊട്ടരികിലെ ഓട്ടോടാക്സി സ്റ്റാൻഡിലും സ്ഥിതി വ്യത്യസ്തമല്ല. മഴക്കാലത്ത് സ്റ്റാൻഡിൽ ഉണ്ടാകുന്ന കനത്ത വെള്ളക്കെട്ടു മുലം ഡ്രൈവർമാരും ദുരിതത്തിലാണ്.
കാനയുണ്ടെങ്കിലും ഒഴുക്കില്ല
ബസ് സ്റ്റോപ്പിന് സമീപത്തായി തുറവൂർ മഹാക്ഷേത്രത്തിന്റെ മതിലിനരികിലൂടെ കാന ഉണ്ടെങ്കിലും കെട്ടിക്കിടക്കുന്ന പെയ്ത്തു വെള്ളം അതിലൂടെ ഒഴുകിപ്പോകുന്നില്ല. മണ്ണും മാലിന്യങ്ങളും നിറഞ്ഞു കിടക്കുന്നതിനാലാണ് കാനയിലൂടെ മഴ വെള്ളം ഒഴുകിപ്പോകാത്തത്.. വർഷങ്ങളായി ദേശീയപാത അധികൃതർ കാന വൃത്തിയാക്കാൻ നടപടി സ്വീകരിക്കാറില്ലെന്ന് ആക്ഷേപമുണ്ട്