ഹരിപ്പാട്: ഗ്രഫ് ജീവനക്കാരന്റെ മൃതദേഹം എംബാം ചെയ്യാതെ നാട്ടിലേക്ക് അയച്ച നടപടി പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിഷയത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കത്തയക്കും.
അരുണാചൽപ്രദേശിലെ ക്യാമ്പിൽ വെച്ച് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ച ചിങ്ങോലി കണിശ്ശേരി തെക്കതിൽ അനിൽ കുമാർന്റെ വീട്ടിലെത്തി ഭാര്യയെയും മക്കളെയും ബന്ധുക്കളെയും കണ്ടശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴുകിയനിലയിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. മുഖംപോലും കാണാൻ കഴിയാത്തതിൽ എല്ലാവർക്കും പരാതിയുണ്ട്. ഇത് ചിങ്ങോലി പഞ്ചായത്തിൽ രണ്ടാമത്തെ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോൺ തോമസ്, പഞ്ചായത്ത് പ്രസിഡന്റ് എച്ച്.നിയാസ്, രഞ്ജിത്ത് ചിങ്ങോലി, ആനന്ദവല്ലി, സുശീല സോമരാജ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.