ചാരുംമൂട്: നൂറനാട് പള്ളിമുക്ക് - ആനയടി റോഡിൽ പള്ളിമുക്കിനു തെക്ക് ഭാഗത്തായി വെള്ളക്കെട്ട് രൂപപ്പെട്ടതിനെത്തുടർന്ന് യാത്ര ദുരിതപൂർണമായി. പള്ളിമുക്ക് - ആനയടി റോഡ് കോടികൾ ചെലവഴിച്ച് ദേശീയ നിലവാരത്തിൽ നിർമ്മാണം പൂർത്തിയായിട്ട് അധികനാളായില്ല.മഴവെള്ളം ഒഴുകി പോകുന്നതിനുള്ള ഓട നിർമ്മിക്കാതെ അശാസ്ത്രീയമായ രീതിയിൽ ഈ ഭാഗത്തെ നിർമ്മാണ പ്രവർത്തനം നടത്തിയതിനാലാണ് ചെറിയ ഒരു മഴയിൽ പോലും വെള്ളക്കെട്ട് രൂപപ്പെടുന്നത്. വെള്ളം റോഡിൽ കെട്ടിക്കിടക്കുകയും അമിതഭാരം കയറ്റി കടന്നു പോകുന്ന വാഹനത്തിന്റെ ഭാരം ഈർപ്പമേറിയ ഈ ഭാഗത്തെ റോഡിനെ താഴേക്ക് ഇരുത്തുകയും ചെയ്യുന്നതിനാലാണ് ചപ്പാത്തായി ഇവിടം മാറിയത്. റോഡിന്റെ ഇരുവശങ്ങളിലും സ്വകാര്യ വ്യക്തികൾ പടുത്തുയർത്തിയ മതിലുകൾ മഴവെള്ള ഒഴുക്കിനെ തടസപ്പെടുത്തുന്നതും ഒരു ഘടകമാണ്.
വിദഗ്ദ്ധർ പറയുന്നത്
ഈ ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ ടാറിംഗ് ഭാഗം നീക്കം ചെയ്ത് ടൈൽസ് പാകണമെന്നാണ് വിദഗ് ദ്ധരുടെ അഭിപ്രായം.
പൊതുമരാമത്ത് വിഭാഗം കനിയണം
വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ സംസ്ഥാന പൊതുമരാമത്ത് നിരത്തു വിഭാഗം കറ്റാനം ഓഫീസ് അധികാരിയുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകണമെന്നാണ് പരിസരവാസികളുടെ ആവശ്യം.