wt

തകർന്നു വീഴാറായി​ ജലസംഭരണി

പൂച്ചാക്കൽ: ചേർത്തല-അരൂക്കുറ്റി റോഡിൽ മാക്കേക്കവല ജപ്പാൻ കുടിവെള്ള ശുചീകരണ ശാലയ്ക്കു സമീപമുള്ള പഴയ ജലസംഭരണി ഏതു നിമിഷവും തകർന്നു വീഴാവുന്ന നിലയിലാണ്. ജലസംഭരണിയുടെ കാലുകളിലെ കോൺക്രീറ്റ് അടർന്ന് ഉള്ളിലെ വാർക്കൽ കമ്പികൾ ഭൂരിഭാഗവും കാണാവുന്നത്ര അപകടകരമായ നിലയിലാണ് ഇപ്പോൾ.

കാടുപിടിച്ചു കിടക്കുന്ന പരിസരം നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണിയായിട്ട് നാളുകൾ ഏറെ. പുല്ലു പിടിച്ച് കാടായതോടെ തെരുവു നായകളുടെയും ഇഴജന്തുക്കളുടെയും ശല്യം രൂക്ഷമാണ് ഈ പ്രദേശത്ത്. ഇപ്പോൾ മാലി​ന്യ നി​ക്ഷേപവും നടത്തുന്നുണ്ട്, പ്രദേശം വൃത്തിയാക്കുകയും കെട്ടിടം പൊളിച്ചു നീക്കുകയും വേണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.

ഇതിനു സമീപത്തായി തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിന്റെ പ്ലാസ്റ്റിക് സംഭരണ കേന്ദ്രം തുറന്നിട്ടുണ്ട്. ജലസംഭരണി ഈ കെട്ടിടത്തിനും ഭീഷണി ഉയർത്തുന്നു. ഇവിടം തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് ബസ് ടെർമിനലിനായി​ പരി​ഗണി​ച്ച സ്ഥലവുമാണ്. ബസ് ടെർമിനലിനു സ്ഥലം തികയാത്തതുമൂലം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
ജല അതോററ്റിയുടെ ഉടമസ്ഥതതയിലുള്ള കെട്ടിടം പൊളിച്ചുമാറ്റാൻ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും കരാർ ഏറ്റെടുക്കാൻ ആരും തയ്യാറായിട്ടില്ല.

Box1: പാഴായ പദ്ധതി

പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി 1994 ൽ നിർമ്മിച്ചതാണ് ജലസംഭരണി. ഇതിന്റെ നിർമ്മാണത്തിന് ശേഷമാണ് ജലലഭ്യത പരിശോധിച്ചത്. ഇതിൽ നിറക്കാൻ ജലം ഭൂമിക്കടിയിൽ നിന്ന് ലഭിക്കാത്തതുമൂലം ഒരു തുള്ളി വെള്ളം പോലും സംഭരിക്കാനോ വിതരണം ചെയ്യാനോ കഴിഞ്ഞില്ല. ഉപയോഗശൂന്യമായ കെട്ടിടം വിള്ളലുകൾ വീണ് പൂർണമായും ജീർണിച്ച് എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന സ്ഥിതിയിലാണ് .

"അപകടാവസ്ഥയിലായ ജലസംഭരണി പൊളിച്ചു മാറ്റണമെന്ന് വാട്ടർ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശാന്തമ്മ പ്രകാശ്, പഞ്ചായത്ത് പ്രസിഡന്റ്

ജലസംഭരണി പൊളിക്കുന്നതിന് ഒരു തവണ ടെൻഡർ വിളിച്ചെങ്കിലും ആരും ഏറ്റെടുത്തില്ല. എസ്റ്റിമേറ്റ് പുതുക്കി റീടെൻഡർ വിളിക്കേണ്ടി വരും.

വാട്ടർ അതോറിറ്റി