അമ്പലപ്പുഴ: വിവിധ പനികൾ ബാധിച്ച് ആലപ്പുഴ മെഡി. ആശുപത്രിയിൽ എത്തുന്നവർക്കായി പ്രത്യേക പനി ക്ളിനിക്ക് ഇല്ലാത്തത് അത്യാഹിത വിഭാഗത്തിൽ തിക്കും തിരക്കുമുണ്ടാക്കുന്നു.
പനി വ്യാപകമായതിനെത്തുടർന്ന് ദിവസേന നൂറുകണക്കിന് ആളുകളാണ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി എത്തുന്നത്. ഇതു മൂലം മറ്റു രോഗങ്ങളുമായെത്തുന്നവർക്ക് ചികിത്സ ലഭിക്കാൻ താമസം നേരിടുന്നു. പി.ജി, ഹൗസ് സർജൻസി ഡോക്ടർമാരാണ് രാത്രിയും പകലും അത്യാഹിത വിഭാഗത്തിൽ പരിശോധനകൾ നടത്തുന്നത്. ഇവിടെയെത്തുന്ന രോഗികളുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്കായി 300 മീറ്ററോളം ദൂരെയുള്ള ജെ ബ്ലോക്കിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ലാബിലെത്തിക്കണം. ഒരു ജീവനക്കാരൻ മാത്രമാണ് വൈകിട്ട് 6 മണിക്കു ശേഷം ഇവിടെയുള്ളത്. ഇത് രോഗനിർണയത്തിന് കാലതാമസം വരുത്തുന്നു.
പരിശോധനാഫലം വരുന്നതുവരെ രോഗികളും ബന്ധുക്കളും കൂട്ടമായി അത്യാഹിത വിഭാഗത്തിനു മുന്നിൽ നിൽക്കുന്നത് അത്യാസന്ന നിലയിലെത്തുന്ന രോഗികൾക്ക് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. മുൻ കാലങ്ങളിലെ പോലെ പനിക്കു മാത്രമായി ക്ലിനിക്ക് ആരംഭിക്കണമെന്നാണ് ആവശ്യം. ഇതോടൊപ്പം രക്തസാമ്പിളുകൾ ശേഖരിച്ച് ലാബിലെത്തിക്കാൻ വേണ്ടത്ര ജീവനക്കാരും അനിവാര്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.