# പാടശേഖര സമിതികളുമായി ധാരണയിലെത്തി
ആലപ്പുഴ: നഗരസഭ പരിധിയിലുള്ള 14 പാടശേഖരങ്ങളിൽ ഉത്പാദിപ്പിക്കുന്ന നെല്ല് ശേഖരിച്ച് കുത്തി അരിയാക്കി ആലപ്പുഴ ബ്രാൻഡിൽ വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പുമായി ആലപ്പുഴ നഗരസഭ. നിലവിൽ കർഷകരിൽ നിന്ന് സഹകരണ സംഘങ്ങളും സപ്ളൈകോയുമാണ് നെല്ല് വാങ്ങുന്നത്. ഇതേ നെല്ല് പല പേരുകളിൽ അരിയായി വിപണിയിലെത്തുമ്പോൾ 'നാടൻ' ഗന്ധം പോലും ഉണ്ടാവില്ല. ഇതിനൊരു പരിഹാരമെന്നോണമാണ് നഗരസഭ നെല്ലിൽ കൈ കടത്തുന്നത്. ബ്രാൻഡിന് ആകർഷകമായൊരു പേരും നൽകും.
കുട്ടനാട് നഗരപരിധിക്ക് പുറത്തായതിനാൽ അവിടേക്ക് കടക്കുന്നില്ല. നഗരപരിധിയിലെ പാടങ്ങൾക്ക് 1759 ഹെക്ടർ വിസ്തൃതിയുണ്ട്. പാടശേഖര സമിതികളുമായി നഗരസഭ അധികൃതർ ചർച്ച നടത്തി. നെല്ല് നൽകാൻ തയ്യാറാണെന്ന് അവർ സമ്മതിച്ചതോടെ ആത്മവിശ്വാസം വർദ്ധിച്ചു. ട്രാക്ടറിനും വെള്ളം പമ്പ് ചെയ്യാൻ മോട്ടോർ വാങ്ങാനും ബണ്ട് ഉറപ്പിക്കാനും 65 ലക്ഷം രൂപ നഗരസഭ നീക്കി വച്ചിട്ടുണ്ട്.
പള്ളാത്തുരുത്തി, നെഹ്രുട്രോഫി, കരളകം, തിരുമല എന്നീ വാർഡുകളിലാണ് പാടശേഖരങ്ങൾ.
ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം കിട്ടിയശേഷം നെല്ല് സംഭരിക്കേണ്ട രീതി, സൂക്ഷിക്കേണ്ട സ്ഥലം, വില്പന തുടങ്ങിയവയ്ക്ക് അന്തിമ രൂപം നൽകും.
...........................................................
# കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് 10 കോടി സഹായം തേടും
# കേന്ദ്ര, സംസ്ഥാന വിഹിതം ബാങ്കിൽ നിക്ഷേപിക്കും
# കർഷകർക്ക് ഈ ബാങ്കുകൾ വഴി നെല്ലിന്റെ വില നൽകും
.........................................................
# പാടശേഖരങ്ങൾ (ഏക്കറിൽ)
1. ദേവസ്വംകരി ....................109
2. കന്നിട്ട എ ബ്ളോക്ക്........ 82
3. കൊച്ചുകുഴി ...................234
4. കന്നിട്ട ബണ്ടിനകം........ 82
5. കന്നിട്ട സി ബ്ളോക്ക് .....326
6. തയ്യിൽ കായൽ............. 183
7. അഴിക്കൽ........................ 53
8. ഇടവഴിക്കൽ...................138
9. ഭഗവതിപ്പാടം................ 134
10. കക്ക കായൽ............. 207
11. കരിവേലിക്കൽ............. 90
12. കരളകം......................... 65
13. അക്കിത്തറ................... 35
.............................................
'വിപ്ളവകരമായ ചുവടുവയ്പിനാണ് നഗരസഭ ഒരുങ്ങുന്നത്. അന്താരാഷ്ട്ര വിപണിയിലെ മികച്ച അരിയായി ആലപ്പുഴയിലെ അരിയെ മാറ്റും'
(ബഷീർ കോയാപറമ്പിൽ, വികസനകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ, ആലപ്പുഴ നഗരസഭ)