വലിയ മത്സ്യങ്ങൾ ഭൂരിഭാഗവും അഴുകിയവ
ആലപ്പുഴ: ട്രോളിംഗ് നിരോധനത്തെ തുടർന്ന് ജില്ലയിലെത്തിക്കുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം അളക്കാൻ പരിശോധന കർശനമാക്കി. ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ കലർത്തിയാണ് മത്സ്യങ്ങൾ വിപണിയിൽ എത്തിക്കുന്നത്. ട്രോളിംഗ് നിരോധനമില്ലാത്ത സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ഇവ മാസങ്ങളോളം പഴക്കമുള്ളവയാണെന്നും കണ്ടെത്തി.
ഭക്ഷ്യസുരക്ഷാ വകുപ്പ് മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 3450 കിലോ പഴകിയ മത്സ്യം കണ്ടെത്തി നശിപ്പിച്ചു. കായംകുളം, കുട്ടനാട്, ചേർത്തല സർക്കിൾ ഓഫീസർമാരുടെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലെ 75ൽ അധികം മത്സ്യമാർക്കറ്റ്, മത്സ്യം വിൽക്കുന്ന തട്ടുകടകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 27 സാമ്പിളുകൾ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബിലേക്ക് അയച്ചു. മത്തി, ചൂര, കേര ഇനങ്ങളിലുള്ള അഴുകിയ മത്സ്യങ്ങളാണ് പരിശോധനാസംഘം നശിപ്പിച്ചത്. രാത്രികാലങ്ങളിൽ എത്തിക്കുന്ന മത്സ്യങ്ങൾ അധികമാർക്കും അറിയാത്ത ഇടങ്ങളിൽവച്ചാണ് രാസവസ്തുക്കൾ കലർത്തി വിപണിയിൽ എത്തിക്കുന്നത്.
കലവൂർ, വഴിച്ചേരി, പുന്നപ്ര, ആറാട്ടുവഴി, എടത്വ, നെടുമുടി, അരൂർ, തുറവൂർ പുത്തൻ ചന്ത, പാണാവള്ളി, കായംകുളം, ഹരിപ്പാട്, വഴിയമ്പലം, കെ.വി ജെട്ടി എന്നിവിടങ്ങളിലെ മത്സ്യ മാർക്കറ്റുകളിലും സംഘം പരിശോധന നടത്തി. അന്യസംസ്ഥാനങ്ങളിൽ നിന്ന് മാർക്കറ്റുകളിൽ എത്തിച്ച മത്സ്യങ്ങളിൽ സംശയം തോന്നിയവയുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
കാഴ്ചയിൽ കേമം
മത്സ്യത്തിൽ ഫോർമാലിൻ, അമോണിയ എന്നിവ ചേർത്താൽ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയില്ല. ലാബ് പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാൻ കഴിയു. പുറമേ നോക്കിയാൽ കടലിൽ നിന്ന് നേരിട്ട് തട്ടിലേക്ക് വന്നതാണെന്നു തോന്നും! മറിച്ചിട്ടൊന്നു നോക്കിയാൽ രൂക്ഷമായ ദുർഗന്ധവും നിറ വ്യത്യാസവും.
# സുലഭം
ട്രോളിംഗ് നിരോധനമാണെങ്കിലും ഉൾക്കടലിലെ മീനുകളായ ചൂര, കേര, നെൻമീൻ, അയല, മത്തി എന്നിവ ജില്ലയിൽ സുലഭമാണ്. ഇതിലധികവും അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നതാണ്.
.............................................................
'ഫോർമാലിൻ, അമോണിയ എന്നിവ ചേർത്ത മത്സ്യം കഴിച്ചാൽ ഉദര രോഗങ്ങൾ ഉറപ്പാണ്. കാൻസർ രോഗത്തിനുള്ള സാദ്ധ്യതയും കൂടുതലാണ്. അൾസർ, അതിസാരം, ഛർദ്ദി എന്നീ രോഗങ്ങൾക്ക് പുറമേ അസിഡിറ്റിയും ഉണ്ടാകും. ആമാശയത്തിലും കുടലിലും വ്രണങ്ങൾ രൂപപ്പെട്ട് ഉദരത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടായി മരണം സംഭവിക്കാം'
(ഡോ. ബി.പത്മകുമാർ, മെഡിസിൻ വിഭാഗം, മെഡിക്കൽ കോളേജ്, ആലപ്പുഴ)
.........................................................