കായംകുളം: താലൂക്ക് ആശുപത്രി യിൽ പ്രവർത്തിക്കുന്ന സപ്ലൈക്കോ മാവേലി മെഡിക്കൽ സ്റ്റോർ കെട്ടിടം കാലപ്പഴക്കത്താൽ തകർച്ചാ ഭീഷണി നേരിടുന്നതിനാൽ അതിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ ഫോറം പ്രസിഡന്റ് അഡ്വ.ഒ.ഹാരിസ് താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി മുൻപാകെ പൊതുതാല്പര്യ ഹർജി ഫയൽ ചെയ്തു.
താലൂക്ക് ആശുപത്രി സൂപ്രണ്ട്, കായംകുളം നഗരസഭ സെക്രട്ടറി എന്നിവരാണ് എതിർകക്ഷികൾ. പ്രാഥമിക അന്വേഷണത്തിനും കക്ഷികൾ ഹാജരാകുന്നതിനുമായി ഈ മാസം പതിനേഴിന് കായംകുളം മുൻസിഫ് കോടതിയിൽ കേസ് വിചാരണക്ക് എടുക്കും. ഏത് നിമിഷവും നിലം പതിക്കാവുന്ന കെട്ടിടത്തിൽ നിന്നും ആശുപത്രി കമ്പൗണ്ടിലെ അടച്ചുറപ്പിലുള്ള കെട്ടിടത്തിലേക്ക് താൽക്കാലികമായി മാവേലി മെഡിക്കൽ സ്റ്റോർ മാറ്റി സ്ഥാപിക്കണമെന്നും നിലവിലുള്ള കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുകയോ നവീന കെട്ടിടം നിർമ്മിക്കുകയോ ചെയ്യണമെന്ന് എതിർ കക്ഷികളോട് ആവശ്യപ്പെട്ടാണ് ഹർജി.
മുൻപ് മുതലേ കോൺക്രീറ്റ് മേൽക്കൂര അടർന്ന് വീഴുകയും ഇഷ്ട്ടികയും കമ്പിയും തെളിഞ്ഞു നിൽക്കുകയുമാണ്. മഴക്കാലത്ത് മേൽക്കൂര ചോർന്നൊലിച്ചു ഭിത്തിക്ക് ബലക്ഷയം സംഭവിച്ചു ജീർണാ വസ്ഥയിലായ കെട്ടിടത്തിൽ നിന്നും മാവേലി മെഡിക്കൽ സ്റ്റോർ മാറ്റുമെന്ന് നഗരഭരണക്കാർ പലപ്പോഴും ഉറപ്പ് നൽകിയെങ്കിലും അതിലേക്കായി യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു.