രക്തഗ്രൂപ്പുകൾ ഇനി വിരൽത്തുമ്പിൽ
മാരാരിക്കുളം: പഞ്ചായത്ത് പരിധിയിൽ 18നും 55നും മദ്ധ്യേ പ്രായമുള്ള, രക്തദാനത്തിന് തയ്യാറുള്ള മുഴുവൻ പേരുടെയും രക്തഗ്രൂപ്പ് അടങ്ങിയ ഡിജിറ്റൽ ഡയറക്ടറി തയ്യാറാക്കി മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിന്റെ ശ്രദ്ധേയമായ ചുവടുവയ്പ്. അത്യാവശ്യ സമയത്ത് രക്തദാതാവിനെ പെട്ടന്ന് കണ്ടെത്താൻ പ്ലേ സ്റ്റോറിൽ 'റെഡ് ഡ്രോപ്പ്സ്' എന്ന പുതിയ ആപ്പും സജ്ജമാക്കി.
ഓരോ വാർഡിൽ നിന്നും 5 ആരോഗ്യ വോളണ്ടിയർമാരെ തിരഞ്ഞെടുത്ത് വിദഗ്ദ്ധ പരിശീലനം നൽകിയാണ് വിവരങ്ങൾ ശേഖരിച്ചത്. പഞ്ചായത്ത് പ്രദേശത്തുള്ള 49,000 പേരിൽ രക്തഗ്രൂപ്പ് അറിയാത്ത 4500 പേരെ കണ്ടെത്തി ആരോഗ്യ സബ്‌സെന്ററുകളിൽ രക്തഗ്രൂപ്പ് നിർണയ ക്യാമ്പും സംഘടിപ്പിച്ചു. വിവരങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ വഴി ജനങ്ങൾക്ക് ലഭ്യമാക്കിയിരിക്കുന്നു. ഈ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്തെടുക്കാം. ആകെ 43,799 പേരുടെ വിവരങ്ങളാണ് ആപ്പ് വഴി ലഭ്യമാകുന്നത്. വൈസ് പ്രസിഡന്റ് എം.ജി.ലൈജുവാണ് പദ്ധതിയുടെ സൂത്രധാരൻ.
രക്തഗ്രൂപ്പ് ഡിജിറ്റൽ ഡയറക്ടറിയുടെ പ്രകാശനം പാട്ടുകളം ഔവർ ലക്ഷം വീട് ആഡിറ്റോറിയത്തിൽ മന്ത്റി ഡോ.ടി.എം. തോമസ് ഐസക്ക് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ അദ്ധ്യക്ഷത വഹിച്ചു. രക്തഗ്രൂപ്പ് ഡിജിറ്റൽ ഡയറക്ടറിയുടെ മൊബൈൽ ആപ്ലിക്കേഷൻ സൗജന്യമായി വികസിപ്പിച്ചു നൽകിയ ടെക്ജെൻഷ്യ കമ്പനി പ്രതിനിധികളായ സാജൻ, ജിസ, സാനു, അഭിലാഷ് എന്നിവരെ ആദരിച്ചു . എം.ജി.ലൈജു, കല, കുഞ്ഞുമോൾ ഷാജി,ജയമോഹൻ, സി.ഡി.എസ് ചെയർപേഴ്‌സൺ ഷീല സുരേഷ് എന്നിവർ സംസാരിച്ചു. ചെട്ടികാട് ആർ.എച്ച്.ടി.സി യിലെ ഡോ.ഹരികൃഷ്ണൻ പദ്ധതി വിശദീകരിച്ചു.ഹെൽത്ത് ഇൻസ്‌പെക്ടർ സാദിഖ് നന്ദി പറഞ്ഞു.