tourisam

 എക്സ്പീരിയൻസ് എതിനിക് കുസിൻ പദ്ധതിയുമായി ഉത്തരവാദ ടൂറിസം മിഷൻ

ആലപ്പുഴ: ടൂറിസം വികസനത്തിന്റെ പ്രയോജനം പ്രാദേശിക മേഖലകളിലേക്കുകൂടി എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ടൂറിസം വകുപ്പ് ആവിഷ്കരിച്ച ഉത്തരവാദ ടൂറിസത്തിന് ജില്ലയിലും തുടക്കമാവുന്നു. വീട്ടമ്മമാരുടെ കൈപ്പുണ്യം ടൂറിസ്റ്റുകൾക്ക് പരിചയപ്പെടുത്തുന്ന 'എക്സ്പീരിയൻസ് എതിനിക് കുസിൻ' എന്ന പദ്ധതിയാണ് ഉത്തരവാദ ടൂറിസത്തിലെ പ്രധാന ഇനങ്ങളിലൊന്ന്. ഇത് നടപ്പാക്കുന്നതോടെ വീട്ടമ്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ വന്നുചേരും.

പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ജില്ലയിലെ 1200 യൂണിറ്റുകൾക്ക് പരിശീലനം പൂർത്തിയായി. ഉത്തരവാദ ടൂറിസം മിഷന്റെ വില്ലേജ് ലൈഫ് എക്‌സ്പീരിയൻസ് പാക്കേജുകളുടെ ഗുണഫലങ്ങൾ ഗ്രാമങ്ങളിലെ സാധാരണക്കാർക്ക് പരമാവധി ലഭ്യമാകുന്നതോടെ ദാരിദ്ര്യ ലഘൂകരണം, സ്ത്രീ ശാക്തീകരണം, തദ്ദേശ ഗ്രാമ വികസനം എന്നിവ ഏറെക്കുറെ നടപ്പാക്കാനാവുമെന്നാണ് പ്രതീക്ഷ. ടൂറിസം വകുപ്പിനു കീഴിൽ ടൂറിസം മിഷനാണ് എക്സ്പീരിയൻസ് എതിനിക് കുസിൻ പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞടുക്കുന്ന കേന്ദ്രങ്ങളിൽ വിനോദ സഞ്ചാരികൾക്ക് അതിഥേയരാകാനും പ്രാദേശിക ജീവിതം, പരമ്പരാഗത സംസ്കാരം എന്നിവ പരിചയപ്പെടാനും അവസരമൊരുങ്ങും. നെഹ്രുട്രോഫി മുതൽ ഒാണം വരെ ടൂറിസം സീസണായതിനാൽ വിനോദ സഞ്ചാരികൾ കൂടുതൽ എത്തുന്നത് പദ്ധതിക്ക് പ്രയോജനപ്രദമാകും.

.........................

 എക്സ്പീരിയൻസ് എതിനിക് കുസിൻ

സംസ്ഥാനമൊട്ടാകെ 2,000 വീടുകളാണ് ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുന്നത്.

വീട്ടിൽ അതിഥികളെ സ്വീകരിക്കുന്ന പരമ്പരാഗത ശൈലിയിൽ കേരളീയ ഭക്ഷണം തയ്യാറാക്കി നൽകുന്ന ഒരു ശൃംഖല സ്ഥാപിക്കും. ഇവയെ ആധുനിക വിവര സാങ്കേതിക വിദ്യാ രീതികളുപയോഗിച്ചു സഞ്ചാരികൾക്കു പരിചയപ്പെടുത്തും. പദ്ധതിയിലൂടെ കുറഞ്ഞത് 30,000 മുതൽ 50,000 വരെ ആളുകൾക്കു 3 വർഷം കൊണ്ട് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭിക്കും. ഇതിലൂടെ സംരംഭകരായി മാറുന്നതിൽ ഭൂരിഭാഗവും സ്ത്രീകൾ ആയിരിക്കും.

 പശ്ചാത്തലം

കേരളത്തിന് ഒരു തനതു ഭക്ഷ്യ സംസ്‌കാരവും പാചക-ഭക്ഷണ രീതികളുമുണ്ട്. എന്നാൽ ചെറുകിട ഹോട്ടലുകളിൽ പോലും കേരളീയമല്ലാത്ത ഭക്ഷണമാണ് തയ്യാറാക്കി വിറ്റഴിക്കുന്നത്. വിനോദ സഞ്ചാരികൾ അതത് നാട്ടിലെ ഭക്ഷണ ക്രമങ്ങളറിയാൻ തത്പരർ ആയിരിക്കും. രണ്ടംഗ കുടുംബത്തിനു പോലും ഒരു മുഴുദിന ജീവനക്കാരന്റെ, ജീവനക്കാരിയുടെ സഹായത്തോടെ ദിനംപ്രതി മുപ്പതു പേർക്കെങ്കിലും കേരളീയ ഭക്ഷണം തയ്യാറാക്കി നൽകാനും അതിലൂടെ സുസ്ഥിരമായ വരുമാനം കണ്ടെത്താനുമാവും. സംരംഭകർക്ക് പദ്ധതി വിശദീകരണവും മുതൽമുടക്കിന്റെ ഏകദേശ ചിത്രവും നൽകും. തയ്യാറെടുപ്പുകൾക്ക് ഒരുമാസത്തെ സമയം അനുവദിക്കും. ‌

# രജിസ്റ്റർ ചെയ്യാൻ

ഉത്തരവാദ ടൂറിസം മിഷനിൽ പങ്കാളികളാകാൻ പുന്നമടയിൽ ടൂറിസം സെന്ററിനോട് ചേർന്നുള്ള ഒാഫീസിൽ 2 ഫോട്ടോയും ആധാർ കാർഡിന്റെ പകർപ്പുമായി അപേക്ഷിക്കണം. എക്സ്പീരിയൻസ് എത്തിക് കുസിനിൽ പങ്കാളികളാകാൻ താത്പര്യമുള്ള വീട്ടമ്മമാർ 25 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്ന വീടുകളിൽ ഉത്തരവാദ ടൂറിസം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർമാർ അടങ്ങുന്ന സമിതി സന്ദർശിച്ച് വിലയിരുത്തും. അംഗീകരിക്കുന്ന ഒാരോ സംരംഭകരുടെയും ലൊക്കേഷൻ, ഫോട്ടോ, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ വെബ് സൈറ്റിൽ ഉൾപ്പെടുത്തും. ഫോൺ-8547208523.

 കലാകാരൻമാരും

കലാകാരൻമാർ, കയർതൊഴിലാളികൾ, കർഷകർ,കരകൗശല വിദഗ്ദ്ധർ,ഒാട്ടോ- ടാക്സി ഡ്രൈവർമാർ എന്നിവർക്ക് ഉത്തരവാദ മിഷൻ സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ജില്ലയിൽ ഇതുവരെ 350 കലാകാരൻമാർ രജിസ്റ്റർ ചെയ്തു. ഇടനിലക്കാരില്ലാതെ അതത് മേഖലകളിൽ നേട്ടമുണ്ടാക്കാമെന്നതാണ് ഉത്തരവാദ ടൂറിസത്തിന്റെ പ്രത്യേകതകളിലൊന്ന്.

...........................................

 ഉത്തരവാദ പാക്കേജുകൾ 4

# കയർ പാക്കേജ് (ഗോൾഡൻ ഫൈബർ ടൂർ പാക്കേജ്)

# കൃഷി പാക്കേജ്

# മത്സ്യബന്ധനം (കക്ക വാരൽ)

# സൈക്കിൾ ടൂറിസം

.................................................

# ആദ്യഘട്ട ഉത്തരവാദം

മുഹമ്മ ചിരപ്പൻ ചിറയിലെ കളരി, കൈനകരി പഞ്ചായത്തിലെ കാർഷിക മേഖലയും തുണിസഞ്ചി നെയ്യലും, ഗോൾഡൻ ഫൈബർ ടൂർ പദ്ധതിയിൽ ആലപ്പുഴയിലെ കയർ വ്യവസായ കേന്ദ്രങ്ങൾ, മാരാരിക്കുളം മുതൽ കുട്ടനാട് വരെ സൈക്കിൾ സവാരി എന്നിവയാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നത്. രജിസ്റ്റർ ചെയ്ത യൂണിറ്റുകളുടെ വിവരങ്ങൾ ജില്ലാമിഷൻ കോ-ഒാർഡിനേറ്റർമാരുടെ നേതൃത്വത്തിൽ തുടർ ദിവസങ്ങളിൽ ടൂറിസം സൈറ്റുകളിലും ഹോട്ടലുകളിലും റിസോർട്ടുകളിലും ലഭ്യമാക്കും.

..........................................

'വില്ലേജ് ലൈഫ് എക്‌സ്പീരിയൻസ് ടൂറിസം വഴി ഗ്രാമങ്ങളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാകും. പ്രദേശവാസികളുടെ തൊഴിൽ, വരുമാന നേട്ടമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് വിദേശ ടൂറിസ്റ്റുകളെ രക്ഷിക്കാൻ കഴിയും. പദ്ധതിയിലെ അംഗങ്ങളുടെ ഉത്പന്നങ്ങൾ ടൂറിസം നെറ്റ് വർക്കിൽ അപ് ലോഡ് ചെയ്യുന്നുണ്ട്. ഒാൺലൈനിലൂടെയും നേരിട്ടും ഉത്പന്നങ്ങൾ വിറ്റഴിക്കാം'

(രൂപേഷ് കുമാർ,സംസ്ഥാന കോ-ഓർഡിനേറ്റർ)

......................................