malabar1

പൂച്ചാക്കൽ: ഉത്പാദനം കുറഞ്ഞതിനെ തുടർന്ന് പള്ളിപ്പുറം മലബാർ സിമൻറ് ഫാക്ടറി നഷ്ടത്തിലേക്ക്. പ്രതിദിനം 600 ടൺ വരെ ഉത്പാദനശേഷി​യുള്ള ഇവിടെ നിലവിൽ 100 മുതൽ 150 ടൺ വരെ മാത്രമാണ് ഇപ്പോൾ ഉത്പാദനം. തൊഴിലാളികളും ഇതുമൂലം ദുരിതത്തിലായിരിക്കുകയാണ്. 80 തൊഴിലാളികൾ തൊഴിൽ ചെയ്തിരുന്ന ഇവിടെ നിലവിൽ 15 ൽ താഴെ പേർക്കു മാത്രമാണ് സ്ഥിരമായി തൊഴിൽ ലഭിക്കുന്നത്. വിവിധ കാരണങ്ങളാൽ വിതരണം കുറഞ്ഞതാണ് ഉത്പാദനം കുറയ്ക്കാൻ കാരണമെന്ന് അധികൃതർ പറയുന്നു. കേരളത്തിൽ അമ്പതിലേറെ സ്വകാര്യ സിമൻറ് ബ്രാൻഡുകൾ വിപണനം നടക്കുന്നതും പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്സിന് വെല്ലുവിളിയാകുന്നു. കൊച്ചിയിൽ നിരവധി സ്വകാര്യ പ്ലാൻറുകൾ പ്രവർത്തിക്കുന്നുണ്ട്

കഴിഞ്ഞ മാസം 3900 ടൺ സിമൻറ് മാത്രമാണ് ഉത്പാദിപ്പിച്ചത്. സ്വകാര്യ സിമൻറ് കമ്പനികളെ സഹായിക്കാനാണ് കമ്പനിയെ തകർക്കുന്നതെന്നാണ് തൊഴിലാളികളുടെ ആരോപണം. സ്ഥാപനത്തെ സംരക്ഷിക്കണമെന്നും സിമൻറ് വിതരണം കൂട്ടണമെന്നും മുഖ്യമന്ത്രിയെയും വ്യവസായ വകുപ്പ് മന്ത്രിയെയും കണ്ട് തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ യൂണിയനുകൾ സംയുക്ത സമരത്തിനും ഒരുങ്ങുകയാണ്.

പരിഹാര നി​ർദ്ദേശങ്ങൾ

സർക്കാരിനു കീഴിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് മലബാർ സിമന്റ് നിർബന്ധമാക്കുക. വിവിധ ജില്ലകളിലെ സെയിൽ ഓഫീസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുക

പ്രമോട്ടർമാർക്ക് ടാർജറ്റ് നിശ്ചയിച്ചു നൽകുക

ഡീലർഷിപ്പുകൾ വർദ്ധിപ്പിക്കുക

പരിമിതികൾ

മറ്റ് സിമൻറുകളെ പോലെ വില കുറച്ചു നൽകാനാകുന്നില്ല

ഡീലർമാർക്ക് മറ്റ്‌ സിമൻറുകൾ വിൽക്കുമ്പോൾ കൂടുതൽ ലാഭം ലഭിക്കുന്നു

സ്വകാര്യ കമ്പനികളെ പോലെ സിമൻറ് കടം നൽകാനാകില്ല

വിപണിയിലെ മത്സരം


പ്രവർത്തന രസതന്ത്രം

വാളയാറിലെ ഫാക്ടറിയിൽ നിന്നും മറ്റും എത്തിക്കുന്ന സിമൻറ് ക്ലിങ്കറിനൊപ്പം ജിപ്സസവും ഫ്ലൈ ആഷും (ചാരം) ചേർത്ത് പൊടിക്കുന്ന പ്രവർത്തനമാണ് പള്ളിപ്പുറത്തെ പ്ലാന്റിൽ നടക്കുന്നത്. ഫ്ലൈ ആഷിന്റെ അളവ് വർദ്ധിപ്പിച്ചാൽ ഉത്പാദനചിലവ് കുറയ്ക്കാമെങ്കിലും ഇത് ഗുണനിലവാരത്തെ ബാധിക്കുമെന്നതിനാൽ ആ മാർഗം സ്വീകരിച്ചിട്ടില്ല.

600

മലബാർ സി​മന്റ്സി​ലെ പ്രതിദിന ഉത്പാദനശേഷി​ 600 ടൺ

100

നി​ലവി​ലെ പ്രതി​ദി​ന ഉത്പാദനം 100 ടൺ​

3900

കഴിഞ്ഞ മാസം 3900 ടൺ സിമന്റ് മാത്രമാണ് ഉത്പാദനം