ambala

അമ്പലപ്പുഴ: അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിൽ തകഴി ഭാഗത്ത് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പിലുണ്ടായ പൊട്ടൽ ഇന്നലെ വൈകിട്ടോടെ പരിഹരിച്ചു. പമ്പിംഗ്‌ ഇന്ന് പുന:രാരംഭിക്കും.

നാലു ദിവസം മുമ്പാണ് പൈപ്പ് പൊട്ടിയത്. റോഡ് പൊളിച്ച് പൈപ്പ് പൊട്ടൽ പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് യുഡിസ് മാറ്റിനു അനുമതി നൽകിയതിനെ തുടർന്ന് ജെ.സി.ബിയുടെ സഹായത്തോടെ 2 ദിവസം മുൻപാണ് അറ്റകുറ്റപ്പണി തുടങ്ങിയത്. ഇതോടെ കടപ്രയിൽ നിന്നുള്ള പമ്പിംഗ് നിറുത്തുകയും ആലപ്പുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും ജലവിതരണം മുങ്ങുകയും ചെയ്തു.

തകഴി ജംഗ്ക്ഷനു സമീപം തന്നെ മുൻപ് നാലു ഭാഗത്ത് കുടിവെള്ള പദ്ധതി പൈപ്പ് പൊട്ടിയിരുന്നു.

കന്നാ മുക്കിനു സമീപം അടുത്തിടെ മൂന്നു തവണയാണ് പൊട്ടലുണ്ടായത്. കരുമാടി കാമപുരം ക്ഷേത്രം മുതൽ പച്ച വരെ നിരവധി ഭാഗങ്ങളിൽ പൈപ്പുപൊട്ടിയത് റോഡിന്റെ ശോചനീയാവസ്ഥയ്ക്കു കാരണമായിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്തിയ ഭാഗങ്ങളിൽ മെറ്റലിട്ട് നികത്തുന്നത് ബൈക്ക് യാത്രികർക്ക് പലപ്പോഴും കെണിയായി മാറുന്നുണ്ട്. അറ്റകുറ്റപ്പണി കാരണം ഫലത്തിൽ തകഴി മുതൽ പച്ച വരെ റോഡിന്റെ പകുതി ഭാഗം മാത്രമാണ് ഗതാഗത യോഗ്യമായിട്ടുള്ളത്. മെറ്റലിട്ടു മൂടിയ ഭാഗങ്ങളിൽ ടാറിംഗ് നടത്തി റോഡ് പൂർണമായും ഗതാഗത സജ്ജമാക്കണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുനത്.