ആലപ്പുഴ: നഗരത്തിലെ കനാലുകൾ ക്ളീനാകുമ്പോൾ നാറുന്നത് സ്വകാര്യ ബസ് സ്റ്റാൻഡാണ് ! കനാൽ നവീകരണത്തിന്റെ ഭാഗമായി കോരി മാറ്റുന്ന മാലിന്യങ്ങൾ എത്തുന്നത് സ്വകാര്യ ബസ് സ്റ്റാൻഡിലേക്കാണ്. ദുർഗന്ധം കാരണം യാത്രക്കാർ ഇപ്പോൾ സ്റ്റാൻഡിലേക്കെത്താൻ മടിക്കുകയാണ്.
ഇരുളിന്റെ മറവിലാണ് ലോറികളിൽ മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. മഴ പെയ്യുമ്പോൾ ഈ മാലിന്യം വെള്ളത്തിലൂടെ ഒഴുകിയെത്തും. ഇൗ വെള്ളത്തിൽ ചവിട്ടുന്നവർക്ക് കാലിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ടെന്ന് പറയപ്പെടുന്നു. മാലിന്യ പ്രശ്നത്തിന്റെ പേരിൽ ബസ് ഉടമകൾ പാർക്കിംഗ് ഫീസ് അടക്കുവാൻ തയ്യാറാകുന്നില്ലെന്നാണ് കരാറുകാർ പറയുന്നത്.
നഗരസഭാധികാരികളോടു മാലിന്യം തള്ളുന്നതിനെപ്പറ്റി പരാതി പറഞ്ഞിട്ടും യാതൊരു ഫലവുമില്ല. ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്ന് ദിനംപ്രതി ധാരാളം ആളുകളാണ് ബസ് കയറാൻ സ്റ്റാൻഡിൽ എത്തുന്നത്.
'' അറവുശാല അവശിഷ്ടങ്ങളും കക്കൂസ് മാലിന്യങ്ങളും കലർന്നിട്ടുള്ള കനാൽ മാലിന്യങ്ങൾ സ്വകാര്യബസ് സ്റ്റാൻഡിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്തില്ലെങ്കിൽ സമര പരിപാടികൾ ആരംഭിക്കും.
(പി.ജെ.കുര്യൻ,എസ്.എം.നാസർ,കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ അധികൃതർ)