death

കായംകുളം: ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കത്തെ തുടർന്ന് സംസ്കരിക്കാനാവാതെ കഴിഞ്ഞ എട്ട് ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന യാക്കോബായ സഭ വിശ്വാസി മഞ്ഞാടിത്തറ തോപ്പിൽ മറിയാമ്മ ഫിലിപ്പിന്റെ (84) മൃതദേഹം വൻ പൊലീസ് സംഘത്തിന്റെ സാന്നിദ്ധ്യത്തിൽ യാക്കോബായ ഇടവകയുടെ കീഴിലുള്ള സ്ഥലത്ത് സംസ്കരിച്ചു.

യാക്കോബായ വിഭാഗത്തിന്റേതാണ് കായംകുളം കാദിശ പള്ളി. ഇവിടെ ഇരു സഭകൾക്കും ഒരു സെമിത്തേരിയാണുള്ളത്. ഇത് ഓർത്തഡോക്സ് വിഭാഗത്തിന്റെ കൈവശവും. യാക്കോബായ വിഭാഗത്തിലെ അംഗം മരിച്ചാൽ പ്രത്യേക കോടതി ഉത്തരവിലൂടെയായിരുന്നു ഈ സെമിത്തേരിയിൽ സംസ്കരിച്ചിരുന്നത്. എന്നാൽ മറിയാമ്മ ഫിലിപ്പിന്റെ സംസ്കാരം നടത്താൻ ബന്ധുക്കൾ കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. തുടർന്ന് സംസ്കാരം വൈകി. വിഷയത്തിൽ കേന്ദ്ര മനുഷ്യാവകാശ കമ്മിഷൻ കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നു.

മൃതദേഹം സംസ്കരിക്കാൻ ചീഫ് സെക്രട്ടറിക്ക് കമ്മിഷൻ ഉത്തരവു നൽകി. തുടർന്ന് കളക്ടർ അദീല അബ്ദുള്ള, ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി, ഡിവൈ.എസ്.പി ആർ.ബിനു, ആർ.ഡി.ഒ, യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസനാധിപൻ തുടങ്ങിയവർ ബുധനാഴ്ച രാത്രിയിൽ നടത്തിയ ചർച്ചയെ തുടർന്നാണ് ഇന്നലെ സംസ്കാരം നടത്തിയത്. സെമിത്തേരിക്ക് മുന്നിൽ യാക്കോബായ ഇടവകയുടെ സ്ഥലത്ത് സംസ്കാരം നടത്താനായിരുന്നു തീരുമാനം. ഇതനുസരിച്ച് ഇന്നലെ രാവിലെ ഇവിടെ കല്ലറ നിർമ്മാണം ആരംഭിച്ചു. എതിർപ്പുണ്ടായാൽ നേരിടാൻ വൻ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചു. കറ്റാനത്തെ സ്വകാര്യ അശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ വീട്ടിലെത്തിച്ചു. ശുശ്രൂഷകൾക്കു ശേഷം വിലാപയാത്രയായി പള്ളിയിൽ എത്തിച്ചു കല്ലറയിൽ അടക്കുകയായിരുന്നു.