ആലപ്പുഴ: നെഹ്റുട്രോഫി ജലമേളയിൽ കരുത്ത് തെളിയിക്കാൻ പൊലീസ് ടീം വീണ്ടുമെത്തുന്നു. കഴിഞ്ഞ തവണയാണ് ആദ്യമായി പൊലീസ് ടീം നെഹ്റുട്രോഫിയിൽ തുഴയാനിറങ്ങിയത്. കപ്പിൽ മുത്തമിടാനുള്ള ഭാഗ്യമുണ്ടായില്ലെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവക്കാനായി. 15 തവണ നെഹ്രുട്രോഫി സ്വന്തമാക്കിയിട്ടുള്ള കാരിച്ചാൽ ചുണ്ടനിലാണ് ഇത്തവണ പൊലീസ് ടീം തുഴയുന്നത്. പുരുഷ പൊലീസുകാർ ചുണ്ടനിൽ എത്തുമ്പോൾ തെക്കനോടി വള്ളത്തിൽ വനിതാ പൊലീസും നെഹ്റുട്രോഫിക്ക് ആവേശം പകരാനെത്തും. 'സാരഥി" വള്ളത്തിലാകും വനിതാ ടീം തുഴയുക.
പുന്നമടക്കായലിൽ കടുത്ത പരിശീലനത്തിലാണ് പുരുഷ-വനിതാ ടീമുകൾ. സംസ്ഥാനത്തിന്റെ വിവിധ സ്റ്റേഷനുകളിൽ നിന്ന് തിരഞ്ഞെടുത്ത 130 പേരെയാണ് ചുണ്ടനിൽ പരിശീലിപ്പിക്കുന്നത്. ഇതിൽ 70പേർ കോസ്റ്റ് ഗാർഡിൽ പരിശീലനം നേടിയവരാണ്. 40ദിവസം തൃശൂർ പൊലീസ് അക്കാഡമിയിൽ ഫിസിക്കൽ പരിശീലനത്തിനുശേഷം കഴിഞ്ഞ അഞ്ചാം തീയതി മുതലാണ് പുന്നമടയിൽ പരിശീലനം തുടങ്ങിയത്. ദേബേഷ് കുമാർ ബെഹ്റയാണ് ക്യാപ്ടൻ. ലീഡിംഗ് ക്യാപ്ടൻ ആലപ്പുഴ എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനും കൈനകരി സ്വദേശിയുമായ സുനിൽകുമാറാണ്. പരിശീലനത്തിന്റെ മേൽനോട്ടവും ഇദ്ദേഹത്തിനാണ്. ഈ സീസണിൽ പൊലീസ് ടീമിന്റെ കന്നിയങ്കം 15ന് ചമ്പക്കുളം മൂലം വള്ളംകളിയിലാണ്.
കാരിച്ചാൽ സൂപ്പർ സ്റ്റാർ
വള്ളങ്ങളിലെ സൂപ്പർ സ്റ്റാറാണ് കാരിച്ചാൽ ചുണ്ടൻ. അൻപത്തിയൊന്നേകാൽ കോൽ നീളവും 50അംഗുലം വീതിയുമുള്ള കാരിച്ചാൽ ചുണ്ടനിൽ 80 തുഴക്കാർ, 7 നിലക്കാർ, 5 പങ്കായക്കാർ എന്നിവരുണ്ടാകും.രണ്ട് ഹാട്രിക് ഉൾപ്പെടെ 15 തവണയാണ് കാരിച്ചാൽ നെഹ്രുട്രോഫിയിൽ വിജയ തിലകമണിഞ്ഞിട്ടുള്ളത്. 49 വർഷം മുമ്പ് കോഴിമുക്ക് നാരായണൻ ആശാരിയുടെ കരവിരുന്നിൽ നിർമ്മിച്ചതാണ് കാരിച്ചാൽ ചുണ്ടൻ. ആറ് തവണ പുനരുദ്ധാരണം നടത്തിയെങ്കിലും നാരായണൻ ആശാരി പണിത മാതാവ് പലക ഇന്നും മാറിയിട്ടില്ല . കാരിച്ചാൽ ചുണ്ടൻ വള്ളസമിതിയിൽ പ്രദേശത്തെ 450 ഷെയർ അംഗങ്ങളുണ്ട്.
പൊലീസിന്റെ പുരുഷ ടീമിൽ 130 പേർ
വനിതാ ടീമിൽ തുഴയുന്നത് 40 പേർ