ചേർത്തല: മുൻ മന്ത്റിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ദാമോദരൻ കാളാശേരി (88) നിര്യാതനായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ 3.30നായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്12ന് ചേർത്തല നഗരസഭ പതിനൊന്നാം മൈലിന് സമീപം കാളാശേരി വീട്ടുവളപ്പിൽ.
1970ലും 1977ലും പന്തളം മണ്ഡലത്തിൽ നിന്ന് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടു.1978ൽ പി.കെ. വാസുദേവൻ നായർ മന്ത്റിസഭയിൽ പട്ടികജാതി, ദേവസ്വം, സാമൂഹ്യക്ഷേമം മന്ത്റിയായി. പട്ടികജാതി വിഭാഗത്തിന് പി.എസ്.സി അപേക്ഷ സൗജന്യമാക്കിയതും തിരുവനന്തപുരം വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമ സ്ഥാപിക്കാൻ സ്ഥലം ഏറ്റെടുത്തതും കാളാശേരി മന്ത്റിയായിരിക്കുമ്പോഴാണ്. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഡോ. അംബേദ്കർ ഫൗണ്ടേഷൻ ബോർഡ് അംഗം, കെ.പി.സി.സി ജനറൽ സെക്രട്ടറി, എ.ഐ.സി.സി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്ന് പുറത്തിറക്കിയിരുന്ന ഭാരത ധ്വനി, രാഷ്ട്രശബ്ദം, കാര്യദർശി എന്നീ മാസികകളുടെ പ്രിന്ററും പബ്ലിഷറുമായിരുന്നു.
ഭാര്യ : പരേതയായ ഭാനുമതി (റിട്ട. അദ്ധ്യാപിക). മക്കൾ: ഗിരിജ, ജീവൻബോസ് (ഗോപി കാളാശേരി), സോജ, അജിത, സജീവ് കാളാശേരി. മരുമക്കൾ: കെ. സദാശിവൻ (റിട്ട. എസ്.പി), ഡോ. തമ്പി (സൗദി), ഉഷാകുമാരി (എസ്.ബി.ഐ, ആലപ്പുഴ), ബബിത, പരേതനായ ഡോ. പുരുഷോത്തമൻ.
ദാമോദരൻ കാളാശേരിയുടെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനുശോചിച്ചു.