sathyan-komallur

ചാരുംമൂട്: 'താരക പെണ്ണാളെ' എന്ന നാടൻ പാട്ട് കേട്ടി​ട്ടി​ല്ലാത്തവർ അധി​കമുണ്ടാകി​ല്ല. പക്ഷേ ഇവി​ടെ വി​ഷയം പാട്ടല്ല. പാട്ടെഴുതി​യ സത്യൻ കോമല്ലൂരാണ്. അദ്ദേഹത്തി​ന്റെ പണതീരാത്ത വീടാണ്. കേരളത്തി​ലങ്ങോളമി​ങ്ങോളം ഗാനമേളകളി​ലും മറ്റും ആസ്വാദകരെ ത്രസി​പ്പി​ക്കുന്ന പാട്ടി​ന്റെ രചയി​താവ് കൂരയി​ല്ലാതെ കഴി​യുന്ന കാര്യം ആരും അറി​ഞ്ഞി​ല്ല. ഇതറി​യാൻ മനസുകാണി​ച്ചത് മരടിലെ പാണ്ഡവാസ് കൊച്ചി എന്ന നാടൻപാട്ട് സംഘമാണ്.

ദളിത് സാമൂഹ്യ പ്രവർത്തകൻ വി. എം മാർസൻ വഴിയാണ് പാണ്ഡവാസ് സത്യൻ കോമല്ലൂരി​ന്റെ കദനകഥ അറി​യുന്നത്. വർഷങ്ങൾക്ക് മുൻപ് നി​ർമാണം ആരംഭിച്ചെങ്കിലും സാമ്പത്തിക പരാധീനതകൾ കാരണം ഇദ്ദേഹത്തി​ന് വീട് പണി പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്യ ബിന്ദുവിന്റെ വീട്ടിലാണ് മക്കളായ അനമ്യ, ആദർശ് എന്നിവരോടൊപ്പം സത്യൻ താമസിക്കുന്നത്. ഈ വീടും ജീർണാവസ്ഥയി​ലായി​രുന്നു.

തുണയായയും താരക പെണ്ണാളെ

വീട് നി​ർമാണത്തി​ന് തങ്ങളാൽ കഴി​യുന്നതെന്തെങ്കി​ലും ചെയ്യണമെന്ന് തീരുമാനി​ച്ച പാണ്ഡവാസ് അതി​നായി​ കണ്ടെത്തി​യ വഴി​ തങ്ങളുടെ പ്രോഗ്രാമുകൾക്കി​ടെ ധനസമാഹരണം നടത്തുകയായിരുന്നു. പാണ്ഡവാസി​ന്റെ ഉറ്റ ബന്ധുവായ നടൻ സാജു നവോദയയും (പാഷാണം ഷാജി)​ എല്ലാ പിന്തുണയുമായും ഒപ്പം ചേർന്നപ്പോൾ ഇവർ കഴി​ഞ്ഞ സീസൺ​ കാലത്ത് സമാഹരി​ച്ചത് 3,83,670 രൂപ. താരക പെണ്ണാളേ എന്ന ഗാനം ഒരോ വേദികളിലും പാടുന്ന 10 മിനിട്ട് സമയം കൊണ്ട് ശ്രോതാക്കളിൽ നിന്ന് ശേഖരിച്ചതായി​രുന്നു ഈ തുക.

ജനഹൃദയങ്ങളെ താരക പെണ്ണാളെ എന്ന പാട്ട് എത്രത്തോളം കീഴടക്കി​യെന്ന് തി​രി​ച്ചറി​ഞ്ഞ അവസരമായി​രുന്നു അതെന്ന് പാണ്ഡവാസ് സമി​തി​ അംഗങ്ങൾ ഓർമി​ക്കുന്നു. 84 വേദി​കളി​ൽ നി​ന്നായാണ് ഈ തുക ലഭി​ച്ചത്. ദേവാലയങ്ങൾ, സ്കൂളുകൾ തുടങ്ങി​യ ചി​ല വേദി​കൾ ഒഴി​വാക്കി​. ഇതി​നൊപ്പം അംഗങ്ങൾ തങ്ങളുടെ കൈയിലുള്ള തുകയും വീട് നിർമാണത്തി​നായി​ നൽകി​. പാണ്ഡവാസി​ന്റെ ഏതാനും സൗഹൃദ കൂട്ടായ്മകളും ഇതി​ൽ സഹകരിച്ചപ്പോൾ നാലു ലക്ഷത്തി​ലേറെ രൂപ നൽകാനായി​.

ഇന്നലെ നടന്ന വീടി​ന്റെ കോൺക്രീറ്റിൽ പാഷാണം ഷാജി​യുടെ നേതൃത്വത്തി​ൽ പാണ്ഡവാസി​ലെ മുഴുവൻ കലാകാരന്മാരും പങ്കാളി​കളായി​. ഇവർക്കൊപ്പം ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് സുരേഷ് പുലരി, വാർഡ് മെമ്പർ എ. വി രാജേഷ്, വി. എം മാർസൻ എന്നിവരും പങ്കെടുത്തു.