ചേർത്തല : ലാളിത്യത്തിന്റെ പര്യായമായിരുന്നു ഇന്നലെ അന്തരിച്ച മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ദാമോദരൻ കാളാശേരി. പട്ടിക ജാതി വിഭാഗത്തിന്റെ ഉന്നമനത്തിനായി പാർട്ടികത്തും പുറത്തും അദ്ദേഹം അഹോരാത്രം പോരാടി.
.സർക്കാർ ജോലികൾക്ക് അപേക്ഷ സമർപ്പിക്കുന്നതിന് പട്ടികജാതി,പട്ടിക വർഗ വിഭാഗത്തിന് സൗജന്യമായി പി.എസ്.സി ഫോം ലഭ്യമാക്കിയതും തിരുവനന്തപുരം വെള്ളയമ്പലത്ത് അയ്യൻകാളി പ്രതിമ സ്ഥാപിച്ചതും കാളാശേരി മന്ത്റിയായിരുന്നപ്പോഴാണ്.മന്ത്റിയെന്ന നിലയിൽ ഒന്നര വർഷത്തെ കാലത്തെ പ്രവർത്തനം കൊണ്ട് ശ്രദ്ധേയനായി.എൽ.ഡി.എഫ് കോട്ടയായ പന്തളം നിയമസഭ മണ്ഡലത്തിൽ നിന്ന് 1970ൽ സി.പി.എമ്മിലെ സി.വെളുത്തകുഞ്ഞിനെ 7108 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ദാമോദരൻ കാളാശേരി ആദ്യമായി നിയമസഭയിലെത്തിയത്.1977ൽ സി.പി.എമ്മിലെ വി.കേശവനെ 5174 വോട്ടിന് പരാജയപ്പെടുത്തി ഇവിടെ വീണ്ടും വിജയിച്ചു.1978ൽ പി.കെ.വാസുദേവൻ നായരുടെ മന്ത്റിസഭയിൽ പട്ടിക ജാതി,,ദേവസ്വം,സാമൂഹ്യക്ഷേമ വകുപ്പുകളുടെ മന്ത്രിയായി.എന്നാൽ 1987ൽ നടന്ന തിരഞ്ഞെടുപ്പിൽ 2118 വോട്ടുകൾക്ക് വി.കേശവനോട് പരാജയപ്പെട്ടു.തുടർന്ന് പാർലമെന്ററി രംഗത്ത് നിന്ന് പിൻമാറിയ അദ്ദേഹം പാർട്ടി പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
1930 മാർച്ച് 8ന് കുഞ്ഞൻ വൈദ്യരുടെയും ചീരയുടെയും മകനായി ജനിച്ച ദാമോദരന്റെ സ്‌കൂൾ വിദ്യാഭ്യാസം കാട്ടൂർ ലിറ്റിൽ ഫ്ലവർ,കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂളുകളിലായിരുന്നു.ഒൻപതാം ക്ലാസ് പഠനത്തിന് ശേഷം പട്ടാളത്തിൽ ചേർന്നെങ്കിലും(എം.എ.എസ് ) ഒരുവർഷം കഴിഞ്ഞപ്പോൾ നാട്ടിലേക്ക് മടങ്ങി.ബന്ധുവായ കോട്ടയം സ്വദേശി ആർ.വേലായുധൻ എം.പിയാണ് ദാമോദരനെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്.എ.കെ.ആന്റണിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.ചേർത്തലയിലും അമ്മയുടെ വീട് സ്ഥിതി ചെയ്യുന്ന പള്ളുരുത്തിയിലുമായിരുന്നു കാളാശേരിയുടെ പ്രവർത്തനം.പള്ളുരുത്തിയിൽ പ്രസും മാസികയും നടത്തിയിരുന്നു.രാഷ്ട്രപതിയായിരുന്ന പരേതനായ കെ.ആർ.നാരായണൻ കാളാശേരിയുടെ അടുത്ത ബന്ധുവാണ്.ഇന്ദിരാഗാന്ധി,രാജീവ് ഗാന്ധി,സോണിയ ഗാന്ധി,കെ.കരുണാകരൻ എന്നിവരുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്നു.
കോൺഗ്രസിന് കനത്ത നഷ്ടം;എ.കെ.ആന്റണി
ദാമോദരൻ കാളാശ്ശേരിയുടെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനും ദളിത് സമൂഹത്തിനും കനത്ത നഷ്ടമാണെന്ന് എ.കെ.ആന്റണി അനുശോചനസന്ദേശത്തിൽ പറഞ്ഞു.ആറു പതിറ്റാണ്ടുകാലത്തെ അടുപ്പവും ബന്ധവുമാണ് കാളാശേരിയുമായുള്ളതെന്ന് ആന്റണി പറഞ്ഞു.
പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച നേതാവാണ് കാളാശേരിയെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വയലാർരവി എം.പി അനുസ്മരിച്ചു.