photo

ചേർത്തല:സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്​റ്റേഷനായി ചേർത്തലയെ തിരഞ്ഞെടുത്തു.2018-19 വർഷത്തെ പ്രവർത്തനത്തിനാണ് അംഗീകാരം.കേരളത്തിലെ 455 പൊലീസ് സ്റ്റേഷനുകളിൽനിന്ന് പ്രവർത്തനം വിലയിരുത്തി ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള നാലംഗം കമ്മിറ്റി മികച്ച 20 സ്റ്റേഷനുകളെ തിരഞ്ഞെടുത്തിരുന്നു.ഇതിൽ നിന്നാണ് ചേർത്തല രണ്ടാം സ്ഥാനത്തെത്തിയത്.
കേസുകൾ കൈകാര്യം ചെയ്യുന്നതിലെയും തീർപ്പാക്കുന്നതിലെയും മികവ്,സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങളുമായുള്ള ഇടപെടലുകൾ,ജനമൈത്രി പൊലീസിന്റെ പ്രവർത്തനം,സ്റ്റേഷൻ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിലെ മികവ്,സ്റ്റേഷനിലെ സൗന്ദര്യവത്കരണം,ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കൽ,ജൈവ പച്ചക്കറിയുടെ വ്യാപനം,സമ്പൂർണ പ്ലാസ്റ്റിക് നിരോധനം എന്നീ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ചേർത്തലയെ മികച്ച രണ്ടാമത്തെ സ്റ്റേഷനായി തിരഞ്ഞെടുത്തത്.ഒന്നാം സ്ഥാനം ചാലക്കുടി പൊലീസ് സ്റ്റേഷനാണ്.

കഴിഞ്ഞ വർഷം ചേർത്തല സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 4000 കേസുകളിൽ 90 ശതമാനത്തിലധികം കേസുകളും നടപടികൾ പൂർത്തിയാക്കുകയും തീർപ്പാക്കുകയും ചെയ്തു. 10 ശതമാനത്തിന് താഴെ മാത്രമാണ് തീർപ്പാക്കാനുള്ളത്.സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രവർത്തനമാണ് ഇവിടുത്തെ ജനമൈത്രി പൊലീസിന്റേത്.പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ബോധവത്കരണ ക്ലാസുകൾ ഉൾപ്പെടെ സംഘടിപ്പിച്ചു. രാത്രികാലങ്ങളിൽ ദേശീയ പാതയിൽ അപകടങ്ങളൊഴിവാക്കാൻ ഡ്രൈവർമാർക്കായി ബോധവത്കരണം,ചുക്കുകാപ്പി നൽകൽ എന്നീ പ്രവർത്തനങ്ങളും ഇവിടെ നടപ്പാക്കിയിരുന്നു.