ചേർത്തല:ചാരായം വാറ്റിയ കേന്ദ്രം എക്‌സൈസ് റെയ്ഡ്‌ചെയ്തു. 10 ലിറ്റർ ചാരായവും 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ.സംഘത്തിലെ മൂന്നുപേർ ഓടിരക്ഷപ്പെട്ടു. ചേർത്തല മുനിസിപ്പൽ 33-ാംവാർഡിൽ കുറുപ്പംകുളങ്ങര കൊച്ചുകുളങ്ങര അരുൺകുമാർ(26) ആണ് പിടിയിലായത്. ഓടിരക്ഷപ്പെട്ടവരെ തിരിച്ചറിഞ്ഞുവെന്നും ഉടൻ അറസ്റ്റ്‌ചെയ്യുമെന്നും എക്‌സൈസ് അധികൃതർ പറഞ്ഞു. ചേർത്തല റേഞ്ച് ഓഫീസിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറുപ്പംകുളങ്ങര രാജുവിന്റെ വീടിന്റെ ടെറസ് വെള്ളിയാഴ്ച പുലർച്ചെ റെയ്ഡ്‌ചെയ്യുമ്പോൾ സംഘം ചാരായം വാറ്റുകയായിരുന്നു. പാചകവാതകം ഉപയോഗിച്ചാണ് സ്റ്റൗ പ്രവർത്തിപ്പിച്ചത്.വാതക സിലിണ്ടർ,പാത്രങ്ങൾ, സ്റ്റൗ എന്നിവയും പിടിച്ചെടുത്തു. പതിവായി ചാരായംവാറ്റി മൊത്തവ്യാപാരം നടത്തുന്നവരാണ് പ്രതികളെന്ന് എക്‌സൈസ് പറഞ്ഞു. പിടിയിലായ അരുൺകുമാർ ഉൾപ്പെടെ പ്രതികൾ ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. അരുൺകുമാറിനെ റിമാൻഡ്‌ചെയ്തു.