 ഓണം ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ ജൈവപച്ചക്കറി കൃഷി

ആലപ്പുഴ: ഓണം മുന്നിൽ കണ്ട് സംഘകൃഷി ഗ്രൂപ്പുകൾ വഴിയുള്ള ജൈവപച്ചക്കറി ഉത്പാദനം കുടുംബശ്രീ ആരംഭിച്ചു.ന്യായവിലയ്ക്ക് വിഷവിമുക്ത പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം.

കഴിഞ്ഞ വർഷം പ്രളയത്തെ തുടർന്ന് ഓണം കൃഷി കുടുംബശ്രീയ്ക്ക് നഷ്ടമായിരുന്നെങ്കിൽ ഇക്കുറി അത് മറികടക്കാനുള്ള കഠിനശ്രമത്തിലാണ്. പ്രളയകാലത്ത് ചാരുമൂട്ടിൽ നിന്ന് മാത്രമാണ് പ്രതീക്ഷിച്ച വിളവ് കിട്ടിയത്.

നെല്ല്,പച്ചക്കറി, പയർ, കിഴങ്ങ്, വാഴപ്പഴം എന്നിവയാണ് ഓണ വിപണിയ്ക്കായി കുടുംബശ്രീ ഇത്തവണ കൃഷി ചെയ്യുന്നത്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലേക്കും കൃഷി വ്യാപിപ്പിച്ചിട്ടുണ്ട്. 239.07 ഹെക്ടറിലാണ് കൃഷി ചെയ്യുന്നത്.ഓണത്തിന് കുടുംബശ്രീയുടെ നേതൃത്വത്തിൽ മാസച്ചന്തകളും ഗ്രാമച്ചന്തകളും തുറക്കും. കൂടാതെ ഓണം പച്ചക്കറി മേളകളും സംഘടിപ്പിക്കും.

കുടുംബശ്രീയുടെ സംഘകൃഷി വഴി ജില്ലയിൽ ഓണസീസണിലേക്ക് ആവശ്യമായ മുഴുവൻ പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും ലഭ്യമാക്കുന്നതിന് 999 ഗ്രൂപ്പുകളും 5804 വനിതകളുമാണ് രംഗത്തുള്ളത്.

കുടുംബശ്രീയുടെ നേതൃത്വത്തിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും പഴങ്ങളും മറ്റ് ഉത്പന്നങ്ങളും അതത് പ്രദേശങ്ങളിൽ തന്നെയാകും വിപണനം നടത്തുക. പ്രളയക്കെടുതിയെ തുടർന്ന് കൃഷി നശിച്ച് സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്ന വനിതാ കർഷകർക്ക് ജൈവവളം ലഭ്യമാക്കുന്നതുൾപ്പെടെയുള്ള സഹായങ്ങൾ കുടുംബശ്രീ ചെയ്യുന്നുണ്ട് .

..........

കു‌ടുംബശ്രീയുടെ കൃഷിക്കാര്യം

# ജൈവകൃഷി 239.07 ഏക്കറിൽ

# ഗ്രൂപ്പുകൾ: 999

# കൃഷിക്കാർ: 5804

........

# സംഘകൃഷി

നെല്ല്,പച്ചക്കറി,വാഴപ്പഴം,കിഴങ്ങുവർഗങ്ങൾ എന്നിങ്ങനെ നാലുവിഭാഗങ്ങളിലാണ് സംഘകൃഷി. കാർഷിക കൂട്ടായ്മകൾക്കും വനിതാസംഘങ്ങൾക്കും ആവശ്യമായ പരിശീലനവും ധനസഹായവും വിപണി കണ്ടെത്താനുള്ള മാർഗവുമെല്ലാം കുടുംബശ്രീ മിഷൻ നൽകും. ഗ്രാമങ്ങളിലാണു സംഘകൃഷി കൂടുതലായി നടക്കുന്നത്. നഗര പ്രദേശങ്ങളിൽ സ്ഥലക്കുറവ് കാരണം മട്ടുപ്പാവ് കൃഷിയും ഗ്രോബാഗ് കൃഷിയുമാണ് പ്രോത്സാഹിപ്പിക്കുന്നത്. ഒരു ഏക്കറിലധികം ജൈവ കൃഷിചെയ്യുന്ന കർഷകർക്ക് 40 ശതമാനം സബ്സിഡിയോടെ വായ്പ നൽകുന്നുണ്ട്.

......

# തരിശ് ഭൂമിയിൽ പൊന്ന് വിളയും

ജില്ലയിൽ കൃഷി ഇടങ്ങൾ വർദ്ധിപ്പിക്കുന്നതിനും വിഷരഹിതമായ ഭക്ഷ്യവിളകളുടെ ഉത്പാദനം കൂട്ടാനുമുള്ള തയ്യാറെടുപ്പിലാണ് കുടുംബശ്രീ . ഇതിന് വേണ്ടി പഞ്ചായത്തടിസ്ഥാനത്തിൽ തരിശുഭൂമിയുടെ സർവേ നടക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ തരിശ് ഭൂമി കണ്ടെത്തി അവിടെ കൃഷി ആരംഭിക്കും. ഇതുവഴി സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കാനാകും

......

# ബയോഫാർമസി

കുടുംബശ്രീയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി വ്യാപകമാണെങ്കിലും ജൈവവളം കർഷകർ വില കൊടുത്ത് വാങ്ങണം. മിക്ക സ്ഥലങ്ങളിലും ജൈവവളത്തിന്റെ ലഭ്യതക്കുറവുണ്ട്. ഇത് കണക്കിലെടുത്ത് ഇൗ മാസം തന്നെ ബ്ലോക്ക് തലത്തിൽ ഓരോ ബയോമെട്രിക് ഫാർമസി തുടങ്ങും. ജൈവ വളത്തിന് കൂടുതൽ ആവശ്യമുള്ള സ്ഥലങ്ങളിൽ രണ്ടാംഘട്ടത്തിൽ കൂടുതൽ ഫാർമസി ആരംഭിക്കും. ഫാർമസിയിൽ ജെവവളങ്ങൾ,കീടനാശിനി എന്നിവയാണ് വിൽപ്പന നടത്തുക. അതാത് ബ്ലോകിലെ കുടുംബശ്രീ യൂണിറ്റുകാർക്ക് വളങ്ങൾ ബയോഫാർമസിയിൽ എത്തിച്ച് വിൽക്കാം. ഇത് കൂടുതൽ വരുമാനത്തിന് വഴിയൊരുക്കും.

..........

'' ഓണച്ചന്തകളിൽ വിഷരഹിത പച്ചക്കറി എത്തിക്കാനുള്ള കൃഷി ജില്ലയിൽ ആരംഭിച്ചു. ജൈവകൃഷി കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ തരിശ് ഭൂമിയിൽ പൊന്ന് വിളയിക്കാനുള്ള ശ്രമത്തിലാണ്. കൃഷി കൂടുതൽ സ്ഥലത്തേക്ക് കൃഷി സംഘങ്ങൾ വർദ്ധിക്കും. വനിതാ കർഷകർക്ക് ഒരു സ്ഥിരവരുമാനം നേടാൻ കൃഷി സഹായിക്കും

- സി.പി.സുനിൽ,കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ