കോമൺവെൽത്തിൽ അവസരം കിട്ടിയിട്ടും നിരാശയോടെ കിരൺ
അമ്പലപ്പുഴ: ആദ്യം അച്ഛനാണ് യാത്ര പറഞ്ഞത്. നിനച്ചിരിക്കാത്ത നേരത്ത് അമ്മയും. കിരണിനു മുന്നിൽ ഭാവി താങ്ങാനാവാത്തൊരു ഭാരമായി വിലങ്ങനെ നിന്നു. ജ്യേഷ്ഠന്റെ തുണയോടെ ജീവിതം പതിയെ തള്ളിനീക്കുമ്പോഴും 'കോമൺവെൽത്ത് ഗയിംസ്' എന്ന ആ വലിയ മോഹം കിരണിന് ഉപേക്ഷിക്കാനാവുന്നില്ല.
പുന്നപ്ര പറവൂർ തുണ്ടിയിൽ പരേതരായ ഭാസുരന്റെയും ജയശ്രീയുടെയും 2 മക്കളിൽ ഇളയവനായ കിരൺ (25) ഭാരോദ്വഹനത്തിൽ ഇതിനോടകം തന്റെ കഴിവ് വ്യക്തമാക്കിക്കഴിഞ്ഞു. അങ്ങനെയാണ് അടുത്തമാസം നടക്കുന്ന കോമൺവെൽത്ത് ഗയിംസിൽ അവസരം സാദ്ധ്യമായത്. കുറഞ്ഞത് രണ്ടരലക്ഷം രൂപയെങ്കിലും ഉണ്ടെങ്കിൽ മാത്രമേ സെപ്തംബർ 15 മുതൽ 21 വരെ കാനഡയിൽ നടക്കുന്ന ഗയിംസിൽ പങ്കെടുക്കാനാവൂ. 2018 ലെ കേരള സീനിയർ സ്ട്രോംഗ് മാനും ലഖ്നൗവിൽ നടന്ന സീനിയർ നാഷണൽ 74 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ വെങ്കല മെഡൽ ജേതാവുമാണ് കിരൺ. കോമൺവെൽത്ത് ഗയിംസിൽ കേരളത്തിൽ നിന്ന് അവസരം ലഭിച്ചത് കിരൺ ഉൾപ്പെടെ ആറുപേർക്കാണ്.
നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അച്ഛൻ ഭാസുരന്റെ മരണം. അംഗൻവാടി അദ്ധ്യാപികയായിരുന്ന അമ്മ ജയശ്രീക്കു കിട്ടുന്ന ചെറിയ വരുമാന തണലിലായിരുന്നു കുടുംബം കഴിഞ്ഞത്. അമ്മയുടെ കഷ്ടപ്പാട് ബോദ്ധ്യമായ ജ്യേഷ്ഠൻ മിഥുൻ പഠനം നിറുത്തി അടുത്തുള്ള മൈക്ക് സെറ്റ് സ്ഥാപനത്തിൽ ജോലിക്കാരനായി. പഠനത്തോടൊപ്പം ഭാരോദ്വഹന പരിശീലനവും തുടർന്ന കിരൺ പ്ളസ്ടുവിന് പഠിക്കുമ്പോഴാണ് അമ്മ മരിച്ചത്. ഇതോടെ ആകെ തളർന്ന കിരണിന് കരുത്തേകിയത് ജ്യേഷ്ഠനായിരുന്നു. ഒഴിവു ദിവസങ്ങളിൽ പെയിന്റിംഗ് ജോലിക്കു പോയി കിരണും ജ്യേഷ്ഠന് തുണയായി. കളർകോട് എസ്.ഡി കോളേജിൽ ബി.എ എക്കണോമിക്സ് വിദ്യാർത്ഥിയായിരുന്ന കിരണിന് പഠനം പൂർത്തിയാക്കാനായില്ല.
ജീവിതഭാരം ചുമന്ന് ശീലമായ കിരണിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് കോമൺവെൽത്ത് ഭാരോദ്വഹന മത്സരത്തിൽ പങ്കെടുക്കുകയെന്നത്. തന്റെ കഥയറിയുന്ന ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവ്.