ആലപ്പുഴ: പെറ്റിക്കേസ് പിടിച്ച് ഖജനാവ് നിറയ്ക്കാൻ പരക്കം പായുന്പോൾ കുറ്റാന്വേഷണത്തിന് പൊലീസിന് സമയമില്ല. അക്രമം, മോഷണം, മോഷണ ശ്രമം എന്നിങ്ങനെയുള്ള കേസുകളിൽ യാതൊരു തുമ്പുമില്ലാതെ മാസങ്ങളായി പൊലീസ് വട്ടംകറങ്ങുന്പോൾ നീതിനിഷേധിക്കപ്പെടുന്നത് ഇരകൾക്കാണ്. സി.സി ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ തെളിവുകൾക്ക് സാധ്യതയുണ്ടായിട്ടും കുറ്റവാളികളെ പിടികൂടാൻ പൊലീസിന് കഴിയാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വാഹന പരിശോധന വ്യാപകമാക്കണമെന്ന കർശന നിബന്ധനയാണ്. എന്നാൽ, വാഹന പരിശോധന കർശനമായി മുന്നേറുന്പോഴും റോ‌ഡ് അപകടങ്ങൾക്ക് ഒരു കുറവും വന്നിട്ടില്ലെന്നതാണ് സത്യം.

മദ്യലഹരിയിൽ വാഹനം ഓടിക്കുന്നവരാണ് അപകടത്തിപ്പെടുന്നവരിൽ അധികവും. ദേശീയപാത കടന്നുപോകുന്ന ജില്ലകളിലൊന്നായ ആലപ്പുഴയിൽ ഹൈവേ പൊലീസിന് ലഭിച്ചിരിക്കുന്ന പ്രതിദിന പെറ്റിക്കേസ് ടാർജറ്റ് 100 ആണ്. ലോക്കൽ സ്റ്റേഷനുകൾ 30 കേസുകളെങ്കിലും എടുത്തിരിക്കണം. ടാർജറ്റ് എത്തിയില്ലെങ്കിൽ അടുത്ത ദിവസം രാവിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശകാരം ഉറപ്പ്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടുന്നതിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് നിർദേശം. ഇത്തരം കേസുകളിൽ വീഴ്ചവരുത്തിയാൽ എസ്.ഐ മറുപടി പറയേണ്ടിവരും. പെറ്റികേസുകളിലൂടെ ഓരോ ജില്ലയിൽ നിന്ന് വൻവരുമാനമാണ് സർക്കാർ ഖജനാവിലേയ്ക്ക് ഒഴുകുന്നത്. പെറ്റിപിടിക്കാനായി ദീർഘനേരം നിരത്തുകളിൽ ചെലവഴിക്കേണ്ടി വരുന്നതിനാൽ പല സ്റ്റേഷനുകളിലും പരാതികളിൽ അന്വേഷണം താളംതെറ്റുന്നു.

രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ജില്ലാ പൊലീസ് മേധാവിമാരുടെ സ്‌ക്വാഡുകളിൽ ദീർഘകാലമായി ഇടംനേടിയവരും ഏറെയാണ്. യൂണിഫോം ധരിക്കാരെ ജോലി ചെയ്യുന്ന ഇക്കൂട്ടരാണ് പലപ്പോഴും പ്രതികളിൽ മൂന്നാംമുറ പ്രയോഗിക്കുന്നത്. കരീലകുളങ്ങര ബേസ് സ്റ്റേഷനായ ഹൈവേ പൊലീസാണ് രാത്രിയിൽ ആനന്ദേശ്വരത്തും പകൽ തോട്ടപ്പള്ളിയിലും കരുവാറ്റയിലും വാഹന പരിശോധന നടത്തുന്നത്. രാത്രിയിൽ ചരക്ക് വാഹനങ്ങളാണ് പരിശോധിക്കുക.അപകടങ്ങൾ ഉണ്ടാകുമ്പോൾ പലപ്പോഴും ഹൈവേ പൊലീസിന്റെ സേവനം ഇതോടെ ലഭിക്കാറില്ല. പൊലീസിന്റെ പട്രോളിംഗ് ശക്തമല്ലാത്തതാണ് അപകടങ്ങൾക്കും മോഷണത്തിനും അക്രമങ്ങൾക്കും വഴിയൊരുക്കുന്നത്.

ജില്ലാ പൊലീസ് മേധാവിയുടെ ഹോം സ്റ്റേഷനായ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള തിരുവമ്പാടിയിൽ കഴിഞ്ഞ ദിവസം 20 പവനും 40,000രൂപയും കവർന്നതാണ് പുതിയ സംഭവം. സംഭവത്തിലെ പ്രതികളെ കണ്ടെത്താൻ കഴിയാതെ പൊലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. ആലപ്പുഴ ജില്ലയിലെ ഒരു സ്റ്റേഷനിൽ തേങ്ങാപ്പുരയെന്ന് കുപ്രസിദ്ധിയാർജിച്ച ഭാഗമുണ്ട്. ഇവിടെയാണ് പല പ്രതികളെയും 'വിശദമായ' ചോദ്യം ചെയ്യുന്നത്.