cocount

 സങ്കരയിനം തെങ്ങിൻതൈകൾ വിതരണം ചെയ്യും

ആലപ്പുഴ: തെങ്ങിൽ കയറാനാളില്ല. നാളികേരത്തിന്റെ വിലയ്ക്ക് സ്ഥിരതയുമില്ല. വരവും ചെലവും കൂട്ടി നോക്കിയാൽ കർഷകനു മിച്ചം നഷ്ടം മാത്രം. കാര്യങ്ങൾ ഇങ്ങനെയാകുമ്പോഴാണ് നാടൻ തെങ്ങുകളെ കൈവിട്ട് കേരകർഷകർ കൂട്ടതോടെ സങ്കരയിനം തെങ്ങുകളുടെ പിന്നാലെ പോകുന്നത്. പൊക്കക്കുറവ്, അത്യുത്പാദനശേഷി എന്നതാണ് ഇവയുടെ പ്രത്യേകത.

എന്നാൽ, സങ്കരയിനം തെങ്ങിൻ തൈകളെ കീടാക്രമണം പെട്ടെന്ന് ബാധിക്കുമെന്നത് തിരിച്ചടിയാണ്. സങ്കരയിനവും നാടൻ തെങ്ങുകളും ഇടകലർത്തിയുള്ള കൃഷി ചെയ്താൽ കർഷകർക്ക് ലാഭകരമാകും.

കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിവിലുള്ള തെങ്ങിൻ തോട്ടങ്ങളിൽ പ്രായാധിക്യം വന്നതും രോഗം ബാധിച്ചതുമായ തെങ്ങുകൾ വെട്ടിമാറ്റി അത്യുത്പാദനശേഷിയുള്ള തൈകൾ വച്ചുപിടിപ്പിക്കുകയാണ്. ജില്ലയിൽ കേരകൃഷിയുടെ വിസൃതി ,ഉത്പാദനം എന്നിവ വർദ്ധിപ്പിക്കുക,സംയോജിത വിളപരിപാലന മുറകൾ സ്വീകരിച്ച് നാളികേര കൃഷി അഭിവൃദ്ധിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട് നാളികേര വികസന കൗൺസിൽ രൂപീകരിച്ചു.

ഇതിന്റെ ഭാഗമായുള്ള പദ്ധതിയുടെ ആദ്യഘട്ടം ആഗസ്റ്റ് ആദ്യവാരം കേരഗ്രാമത്തിൽ നടപ്പാക്കും.ജില്ലയിൽ 16 കേരഗ്രാമങ്ങളിലേക്ക് ആദ്യഘട്ടത്തിൽ 20100 തൈകൾ വിതരണം ചെയ്യും. ഒാരോ വാർഡുകളിലും 75 തൈ വീതം ലഭ്യമാകും. രണ്ടാംഘട്ടത്തിൽ മറ്റ് പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. വെസ്റ്റ് കോസ്റ്റ് ടോൾ,സങ്കയരയിനം ഹൈബ്രിഡ്,കുറിയ ഇനം തൈകൾ കായംകുളം സി.പി.സി.ആർ.ഐ ,നാളികേര വികസന ബോർഡ്,കൃഷി വകുപ്പിന് കീഴിലുള്ള നഴ്സറി,ഫാമുകൾ എന്നിവിടങ്ങളിൽ നിന്നാണ് ലഭ്യമാക്കുന്നത്. ഗുണഭോക്ത വിഹിതം 50 ശതമാനം കൃഷിഭവനിൽ അടച്ച കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

........

# തെങ്ങിൻ തൈകളുടെ വില

വെസ്റ്റ് കോസ്റ്റ് ടോൾ...... ₹50

സങ്കരയിനം ഹൈബ്രിഡ്... ₹125

കുറുകിയ ഇനം.............. ₹125

........

#

ഗുണഭോക്താക്കൾ

കൃഷി വകുപ്പിലെ കാർഷിക വികസന സമിതി കൂടിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. കൃഷിക്കൊപ്പം നാളികേരത്തിന്റെ മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ സംരംഭം ആരംഭിക്കുന്നതിന് പ്രോത്സാഹനം നൽകും. കേരകൃഷിക്ക് പ്രാമുഖ്യമുള്ള എല്ലാ പ്രദേശങ്ങളിലും വാർഡുതല ക്ലസ്റ്ററുകളും പഞ്ചായത്തുതല കേര സമിതികളും ബ്ലോക്കുതല കേര ഫെഡറേഷനും രൂപീകരിക്കും.

........

# കൈയെത്തി തേങ്ങയിടാം

സങ്കരയിനം തൈകൾ 4 വർഷം കൊണ്ട് വിളവ് ലഭ്യമാക്കും. 15മുതൽ 25മീറ്റർവരെയാണ് നാടൻ തെങ്ങുകളുടെ ഉയരം. 80മുതൽ100വയസുവരെയാണ് ഇവയുടെ ആയുസ്. കുള്ളൻ ഇനത്തിൽപ്പെട്ടവയുടെ ആയുസ് 45 ആണ്. കുള്ളൻ ഇനങ്ങളും നാടൻ ഇനങ്ങളും തമ്മിൽ സങ്കലനം നടത്തിയാണ് സങ്കരയിനം തെങ്ങ് ഉത്പാദിപ്പിക്കുന്നത് .ഒരാൾക്ക് കൈയെത്തി നാളികേരം പറിച്ചെടുക്കാവുന്ന ഉയരത്തിലാകും മിക്ക സങ്കരയിനം തെങ്ങുകളും. ഇവയ്ക്ക് 30 വർഷം വരെ ആയുസുണ്ടാകും. നാടൻ തെങ്ങിനേക്കാൾ കായ്ഫലംകൂടുതൽ ലഭിക്കുന്നതും വേഗത്തിൽ പുഷ്പിക്കുകയും ഉത്പാദനക്ഷമത കൈവരിക്കുകയും ചെയ്യുന്നതാണ് ഈ തെങ്ങുകളെ കേരകർഷകർക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നത്. നാടൻ ഇനത്തിലെ തെങ്ങിൽ നിന്ന് ശരാശരി 60 നാളികേരം വർഷത്തിൽ ലഭിക്കുമ്പോൾ സങ്കരയിനങ്ങളിൽ നിന്ന് 140 മുതൽ 250 വരെ നാളികേരം ലഭിക്കും.

......

# കേരഗ്രാമങ്ങൾ

1.ചേർത്തല സൗത്ത്

2.പള്ളിപ്പാട്

3.വെൺമണി

4.കണ്ടല്ലൂർ

5.ദേവികുളങ്ങര

6.മണ്ണഞ്ചേരി

7.മാരാരിക്കുളം സൗത്ത്

8.തെക്കേക്കര

9.തഴക്കര

10.തണ്ണീർമുക്കം

11.അമ്പലപ്പുഴ സൗത്ത്

12.ചെറിയനാട്

13.മുതുകുളം

14.പുന്നപ്ര നോർത്ത്

15.വയലാർ

16മാരാരിക്കുളം നോർത്ത് .

..........

'' ജില്ലയിൽ കേരകൃഷി വ്യാപകമാക്കാനും നാളികേര കർഷകരുെട വരുമാനം വർദ്ധിപ്പിക്കാനുമാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്. 50 ശതമാനം സബ്സിഡിയോടെയാണ് ഗുണ നിലവാരമുള്ള അത്യുപാദന ശേഷിയുള്ള തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നത്

ലത മേരി ജോർജ്,ഡെപ്യൂട്ടി ഡയറക്ടർ, കൃഷിവകുപ്പ്