ചികിത്സാ കേന്ദ്രങ്ങൾ സജീവം
ആലപ്പുഴ: ഇന്ന് കർക്കടക മാസത്തിലെ ആദ്യ ദിനം. കഴിഞ്ഞ 11 മാസത്തെ താളംതെറ്റിയ ദിനചര്യകൾക്ക് അവധി കൊടുത്തുകൊണ്ട് അടുക്കും ചിട്ടയുമുള്ള പകലിരവുകൾ സൃഷ്ടിക്കാൻ പലരും പരമാവധി ശ്രമിക്കുന്ന മാസം. കള്ളക്കർക്കടകമെന്നും പഞ്ഞമാസമെന്നും രാമായണ മാസമെന്നും പഴമക്കാർ പേരുചൊല്ലി വിളിച്ചിരുന്ന കർക്കടകം, ഈ പറയുന്ന കാര്യങ്ങൾക്കപ്പുറം ശരീരസൗഖ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ ശാസ്ത്രീയവശം കൂടി ഉൾക്കൊള്ളുന്നൊരു മാസമാണ്. ആയുർവേദ മേഖലയെ സംബന്ധിച്ചിടത്തോളം ടൂറിസം സീസൺ കൂടിയാണ് കർക്കടകം.
വിദേശികളെയും സ്വദേശികളെയും ആകർഷിക്കുന്ന പാക്കേജുകളാണ് ആയുർവേദ ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രമുഖ കേന്ദ്രങ്ങളിൽ രണ്ട് മാസം മുമ്പ് തന്നെ ഒാൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാർഗങ്ങളിൽ ഒന്നാണ് മഴക്കാലത്തെ കർക്കടക ചികിത്സ. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവ സന്തുലിതമാക്കി രോഗ പ്രതിരോധ ശക്തിയും ശാരീരിക, മാനസിക ഉൗർജവും വർദ്ധിപ്പിക്കുകയാണ് കർക്കടക ചികിത്സയുടെ ലക്ഷ്യം.
ജില്ലയിലെ ടൂറിസത്തിൽ പഞ്ഞക്കർക്കടക കാലം കോടികൾ കൊയ്യുന്ന ചികിത്സാ കാലം കൂടിയാണ്. ടൂർപാക്കേജുകാർ മൺസൂൺ ടൂറിസത്തിൽ കർക്കടക ആയൂർവേദ ചികിത്സയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ആയുർവേദ ചികിത്സാ കേന്ദ്രങ്ങൾ കൂടാതെ റിസോട്ടുകൾ,ഹോട്ടലുകൾ,ഹോംസ്റ്റേകൾ തുടങ്ങിയവ കർക്കടക ചികിത്സയ്ക്കായി വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയാക്കിയിരിക്കുന്നത്.
ആഗസ്റ്റ് മുതൽ ജില്ലയിൽ ടൂറിസം സീസൺ ആരംഭിക്കുകയാണ്. ഇത് മുന്നിൽക്കണ്ട് കർക്കടക ചികിത്സയുടെയും ആയുർവേദ ചികിത്സാ രീതികളുടെയും മറവിൽ പണം മാത്രം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘങ്ങളും രംഗത്തുണ്ട്. ആയുർവേദ ചികിത്സാ രീതികളും മരുന്നുകളും എന്തെന്നു പോലും വ്യക്തമായി അറിയാത്തവരും കർക്കടക ചികിത്സയെന്ന പേരിൽ ബോർഡുകളും നോട്ടീസുകളും വെബ്‌സൈറ്റുകളും സ്ഥാപിച്ച് തട്ടിപ്പ് ആരംഭിച്ചിട്ടുണ്ട്. തുച്ഛമായ തുകയിൽ ചികിത്സ ലഭ്യമാക്കാമെന്ന വാഗ്ദാനം നൽകിയാണ് തട്ടിപ്പ്. രണ്ടും മൂന്നും ദിവസംകൊണ്ട് ചികിത്സ ചെയ്തു തീർക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ആയുർവേദ ഡോക്ടർമാർ പറയുന്നത്.
...........................
# കർക്കടക ചികിത്സ
വേനലിൽ നിന്ന് മഴയിലേക്ക് മാറുന്നതോടെ ശരീരബലം കുറയുന്നതു വഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി കർക്കടക ചികിത്സയിലൂടെ വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് നിഗമനം. ആയുർവേദത്തിലെ പഞ്ചകർമ്മങ്ങളിൽപെടുന്ന വമനം, വിരേചനം, വസ്തി, നസ്യം എന്നിവയാണ് കർക്കടക ചികിത്സയിൽ പ്രധാനം. ഇലക്കിഴി, ഞവരക്കിഴി, പിഴിച്ചിൽ, ശിരോധാര, അഭ്യംഗം, നസ്യം തുടങ്ങിയ ചികിത്സകളോടൊപ്പം പഥ്യാഹാരവും പ്രത്യേകം തയ്യാറാക്കുന്ന മരുന്ന് കഞ്ഞി സേവയും ചേരുന്നതാണ് കർക്കടക ചികിത്സ.
................................
# പാക്കേജുകൾ പലവിധം
സാധാരണ 7, 14, 21 ദിവസങ്ങളിലാണ് കർക്കടക ചികിത്സ നടക്കുന്നത്. വസ്തി, കിഴി, ധാര, പിഴിച്ചിൽ തുടങ്ങിയവയും ചികിത്സയിൽ ഉൾപ്പെടുത്താറുണ്ട്. പ്രത്യേക മരുന്നുകൾ കൊണ്ട് തയ്യാറാക്കുന്ന എണ്ണ ചെറുചൂടോടെ തലയിൽ ധാര പോലെ ഒഴിക്കുന്ന ചികിത്സയാണ് ശിരോവസ്തി. ഔഷധഗുണമുള്ള മരം കൊണ്ട് തീർത്ത പാത്തിയിൽ കിടത്തി ചെയ്യുന്ന ചികിത്സയാണ് പിഴിച്ചിൽ. മരുന്നുകൾ ചേർത്ത മോര് അല്ലെങ്കിൽ എണ്ണ ധാര മുറിയാതെ തലയിൽ വീഴ്ത്തുന്ന ചികിത്സയാണ് ധാര. ഞവരയരി കിഴി കെട്ടി കുറുന്തോട്ടി കഷായവും പാലും ചേർത്തു തിളപ്പിച്ചതിൽ വേവിച്ച് കിഴിയാക്കി മരുന്നിൽ മുക്കി ശരീരത്തിൽ ഉഴിയുന്ന ചികിത്സയാണ് കിഴി.
പരിചയസമ്പന്നരായ ഡോക്ടർമാർ, തെറാപ്പിസ്റ്റുകൾ, സുസജ്ജമായ ചികിത്സാ മുറികൾ, സൗകര്യപ്രദമായ താമസത്തിനുള്ള മുറികൾ, ശാന്തമായ അന്തരീക്ഷം, ആയുർവേദ ഭക്ഷണം എന്നീ സൗകര്യങ്ങളും ഗുണനിലവാരവും അനുസരിച്ച് ചികിത്സയുടെ തുകയും ഉയരും.
..................................................
# ഔഷധക്കഞ്ഞിയും
കർക്കടക ചികിത്സയോടൊപ്പം തന്നെ കർക്കടകക്കഞ്ഞിയുടെയും ഔഷധക്കഞ്ഞിയുടെയുമൊക്കെ കാലമാണ് കർക്കടകം. വിവിധ ആയുർവേദ ഔഷധ നിർമ്മാതാക്കൾ കഞ്ഞി കിറ്റുകൾ വിപണിയിൽ ഇറക്കി. 175 മുതൽ 250 വരെയാണ് വില. 23 മുതൽ 30 വരെ ആയുർവേദ ഔഷധങ്ങളുടെ കൂട്ടാണ് ഈ ഔഷധക്കഞ്ഞിയിൽ. ഔഷധ സസ്യങ്ങളും ഔഷധങ്ങളുമൊക്കെ കിട്ടാതായതോടെയാണ് ഔഷധക്കഞ്ഞി, കർക്കടകക്കഞ്ഞി എന്നിവയ്ക്ക് വിപണിയിൽ ഡിമാന്റേറുന്നത്. പ്രമുഖ ആയുർവേദ ഔഷധ നിർമാതാക്കൾ കൂടാതെ ആയുർവേദ ആശുപത്രികളും കഞ്ഞി പായ്ക്കറ്റുകൾ വിപണിയിൽ ഇറക്കിയിട്ടുണ്ട്.
.................................................
# ചികിത്സാ പാക്കേജുകൾ
7 ദിവസം: ₹ 15,000 - 50,000
14 ദിവസം: ₹ 20,000 -1 ലക്ഷം
21 ദിവസം: ₹ 50,000 - 1.5 ലക്ഷം
വീട്ടിൽ ചെയ്യുന്ന പാക്കേജ്: ₹ 9,000-20,000
........................................
പേരുകൾ മൂന്ന്
അപ്രതീക്ഷിതമായി മഴ പെയ്യും എന്നതിനാലാണ് 'കള്ളക്കർക്കടകം' എന്ന പേരുവീണത്. മഴക്കാല രോഗങ്ങൾ ഈ മാസം കൂടുതലായി ഉണ്ടാകുന്നു. സൂര്യകിരണങ്ങൾക്കു ശക്‌തി കുറയുന്നതിനാൽ രോഗാണുക്കൾ പെരുകുന്നതാണ് ഇതിനു കാരണം . കാർഷിക മേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാൽ 'പഞ്ഞമാസം' എന്നും പേരുണ്ടായി. ഹൈന്ദവ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും ഒരു മാസം നീണ്ടുനിൽക്കുന്ന രാമായണ വായന ഈ മാസമാണ് നടത്താറുള്ളത്. അതോടൊപ്പം ചിലർ വ്രതമെടുക്കാറുമുണ്ട്. അതിനാൽ കർക്കടകത്തെ 'രാമായണമാസം' എന്നും വിളിക്കുന്നു. 'കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു' എന്നൊരു ചൊല്ലുതന്നെയുണ്ട്.
കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു എന്നൊരു ചൊല്ലുതന്നെയുണ്ട്. ... Read more at: https://www.manoramaonline.com/astrology/astro-news/importance-of-karkkidakam.html