ചേർത്തല: വാഹന പരിശോധനയ്ക്കിടെ, ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ട് കസ്റ്റഡിയിലെടുത്ത ആട്ടോറിക്ഷ പൊലീസുകാരൻ ഓടിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകവേ ഇടിച്ച് കാൽനട യാത്രികൻ മരിച്ചു. ചേർത്തല നഗരസഭയിലെ കടവിൽ നികർത്തിൽ പരേതനായ ഷണ്മുഖന്റെ മകൻ ശങ്കർ (35) ആണ് മരിച്ചത്. വയലാർ പാലത്തിനു സമീപം ഞായറാഴ്ച വൈകിട്ട് 5.40നായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശങ്കർ ഇന്നലെ രാവിലെ 10.45 ഓടെയാണ് മരിച്ചത്.
ആട്ടോ ഓടിച്ച എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ കളവംകോടം സ്വദേശി എം.ആർ. രജീഷിനെതിരെ (39) വാഹനം അലക്ഷ്യമായി ഓടിച്ച് അപകടമരണം ഉണ്ടാക്കിയതിന് കേസെടുത്തിട്ടുണ്ടെന്ന് ഡിവൈ.എസ്.പി എ.ജി. ലാൽ പറഞ്ഞു. പൊലീസുകാരന് മുച്ചക്ര വാഹനം ഓടിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നോ എന്ന് സംശയമുണ്ട്. ചേർത്തല സി.ഐ വി.പി. മോഹൻലാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തിൽ ദക്ഷിണമേഖല ഐ.ജി അടിയന്തര റിപ്പോർട്ട് തേടി. മെഡിക്കൽ പരിശോധനയിൽ ആട്ടോ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി.
രജീഷും എ.എസ്.ഐ കെ.എം. ജോസഫും വയലാർ രക്തസാക്ഷി മണ്ഡപത്തിന് സമീപം വാഹന പരിശോധന നടത്തുമ്പോഴാണ് ആട്ടോ ഓടിച്ചെത്തിയ ആലപ്പുഴ അവലൂക്കുന്നു സ്വദേശി മനോജിനെ പിടികൂടിയത്. ബ്രീത്ത് അനലൈസർ കേടായതിനാൽ പരിശോധന നടന്നില്ല. തുടർന്ന് മനോജിനെയും കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിയെയും പിന്നിലിരുത്തി രജീഷ് ആട്ടോ സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോൾ നടന്നു പോകുകയായിരുന്ന ശങ്കറിന്റെ പിന്നിൽ ഇടിച്ചു. സമീപത്തെ കടയുടെ ബോർഡും തകർത്ത് മരത്തിൽ ഇടിച്ചാണ് ആട്ടോ നിന്നത്.
ശങ്കറിനെ പിന്നാലെ വന്ന പെട്ടി ആട്ടോയിൽ കയറ്റിയാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകട ശേഷം ആട്ടോ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ പൊലീസെത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. അവിവാഹിതനായ ശങ്കർ കൂലിപ്പണിക്കാരനാണ്. അമ്മ: ഓമന. സഹോദരങ്ങൾ: കവിരാജ്, പുഷ്പൻ.