കുട്ടനാട്: ഓളപ്പരപ്പിലെ ആവേശപ്പോരാട്ടത്തിന് തുടക്കംകുറിച്ച് നടന്ന ചമ്പക്കുളം മൂലം വള്ളംകളിയിൽ രാജപ്രമുഖൻ ട്രോഫി നടുഭാഗം ചുണ്ടന്. ചമ്പക്കുളം കണ്ടംകുളം ടോമി ജെ.ഗ്രിഗറി ക്യാപ്ടനായി നാടുഭാഗം ബോട്ട്ക്ലബ് തുഴഞ്ഞ നടുഭാഗം ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് യു.ബി.സി കൈനകരിയുടെ ചമ്പക്കുളത്തെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയത്. കൈപ്പുഴമുട്ട് എൻ.സി.ഡി.സി തുഴഞ്ഞ ദേവസ് മൂന്നാം സ്ഥാനം നേടി.
ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ കേരള പൊലീസ് ബോട്ട്ക്ലബ് തുഴഞ്ഞ കാരിച്ചാൽ ഒന്നാമതും സി.ബി.സി ചെമ്പുംപുറം തുഴഞ്ഞ ചെറുതന രണ്ടാം സ്ഥാനവും നേടി. തെക്കനോടി വിഭാഗത്തിൽ സി.ഡി.എസ് ചമ്പക്കുളം പഞ്ചായത്തിന്റെ കമ്പനി വള്ളം ഒന്നാമതും നെടുമുടി പഞ്ചായത്തിന്റെ കാട്ടിൽ തെക്ക് രണ്ടാം സ്ഥാനവും സ്വന്തമാക്കി. ചുരുളൻ വള്ളങ്ങളുടെ വിഭാഗത്തിൽ കണ്ടങ്കരി ദേവിവിലാസം ഹൈസ്കൂളിന്റെ വേങ്ങയിൽ പുത്തൻവീടിനാണ് ട്രോഫി.
വള്ളംകളി തോമസ് ചാണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കളക്ടർ ഡോ. അദീല അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്കൽ ജല ഘോഷയാത്ര ഫ്‌ളാഗ് ഒഫ് ചെയ്തു. ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോർജ് മാത്യു പഞ്ഞിമരം, സാബു തോട്ടുങ്കൽ, എം.കെ.ജോസഫ്, ജനൂപ് പുഷ്പാകരൻ, ജലോത്സവസമിതി ഭാരവാഹികളായ കെ..ഗോപിനാഥൻ, മുട്ടാർ ഗോപാലകൃഷ്ണൻ,ജോസ് കാവനാടൻ,കെ.ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ നിർവ്വഹിച്ചു. കുട്ടനാട് തഹസീൽദാറും ജലോത്സവ സമിതി ജനറൽ കൺവീനറുമായ ടി.എ. വിജയസേനൻ നന്ദി പറഞ്ഞു.
......................................
മറ്റു ഫലങ്ങൾ- ഓടി ബി ഗ്രേഡ്: 1. താണിയൻ (കുമരകം സെൻട്രൽ ബോട്ട് ക്ലബ്ബ്) 2. കുറുപ്പുപറമ്പൻ (വളഞ്ഞവട്ടം വി.ബി.സി) 3. സെന്റ് ജോസഫ് (സെന്റ് ഫ്രാൻസീസ് ബോട്ട് ക്ലബ്ബ്)
വെപ്പ് ബി ഗ്രേഡ്: 1. ചിറമേൽ തോട്ടുകടവൻ, 2. എബ്രഹാം മൂന്നുതൈക്കൽ, 3. പി.ജി കരിപ്പുഴ ഓടി എ ഗ്രഡ്: 1. മൂന്നു തൈക്കൽ, 2. തുരുത്തിത്തറ വെപ്പ് എ ഗ്രേഡ്: 1.മങ്കൊമ്പ് സെൻറ് പയസ്ടെൻത് ബോട്ട് ക്ലബിന്റെ അമ്പലക്കടവൻ, 2. ചെത്തിക്കാടൻ, 3. മാലിയിൽ പുളിക്കത്തറ ജയ്ഷോട്ട്.