അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ ഇനിയുമകലെ
മാന്നാർ: ബണ്ട് റോഡുകളുടെ ബലപ്പെടുത്തൽ ഉൾപ്പെടെയുള്ള അടിസ്ഥാന വികസനം നടക്കാത്തതിനാൽ അപ്പർകുട്ടനാട്ടിലെ പാടശേഖരങ്ങൾ വീർപ്പുമുട്ടുന്നു.
ചെന്നിത്തല,മാന്നാർ,ബുധനൂർ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന പാടങ്ങളാണ് പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും അനാസ്ഥയെത്തുടർന്ന് വലയുന്നത്. ചെന്നിത്തല-മാന്നാർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന മുക്കം വാലേൽ ബണ്ട് റോഡ് തകർന്നു തരിപ്പണമായി കിടക്കുകയാണ്. അച്ചൻകോവിലാറും പമ്പയും ഇവയുടെ കൈത്തോടുകളും കടന്നു പോകുന്ന ഇവിടെ ബണ്ട് റോഡുകൾ ശരിയാക്കി കൃഷിക്ക് സാഹചര്യം ഒരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. നിലവിലെ ബണ്ട് റോഡുകൾ ബലപ്പെടുത്തി നിലവാരത്തിൽ റോഡുകൾ നിർമ്മിച്ചാൽ മാന്നാർ-വള്ളക്കാലി-വീയപുരം റോഡിനു സമാന്തര പാതയാക്കി വികസിപ്പിക്കാനാവും. എല്ലാ വർഷവും ഇവിടെ ഉണ്ടാകുന്ന വെള്ളപൊക്കത്തിന്റെ തോത് കുറയ്ക്കാനും കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
....................................
55,000 ഏക്കർ: അപ്പർ കുട്ടനാടൻ പാടങ്ങളുടെ വിസ്തൃതി
5 കോടി: അഞ്ചുകോടിയുടെ വികസനം നടപ്പാക്കാൻ പരിശ്രമം
.............................
'അപ്പർകുട്ടനാട്ടിലെ കൃഷിക്ക് സൗകര്യങ്ങൾ ഒരുക്കാൻ അഞ്ചു കോടിയുടെ പദ്ധതി സർക്കാരിൽ സമർപ്പിച്ചിട്ടുണ്ട്. ബണ്ട് റോഡുകൾ ബലപ്പെടുത്തി വലിയ വാഹനങ്ങൾ പോകുന്ന വിധത്തിലാക്കുക, തോടുകൾ നവീകരിക്കുക, മോട്ടോർ പുരകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക എന്നിവയാണ് പദ്ധതിയിലുള്ളത്'
(പ്രമോദ് കണ്ണാടിശേരിൽ, മാന്നാർ പഞ്ചായത്ത് പ്രസിഡന്റ്)
................................
അടിസ്ഥാന സൗകര്യം വർദ്ധിപ്പിച്ചാൽ ഇരിപ്പൂ കൃഷി നടത്താം
പാടങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന വാച്ചാൽ തോടുകൾ നവീകരിക്കണം
കാലപ്പഴക്കമുള്ള മോട്ടോർ പുരകൾ പൊളിച്ചു നീക്കണം
ശേഷിക്കുന്നവ മെച്ചപ്പെടുത്തണം
ബണ്ടു റോഡുകൾ ബലപ്പെടുത്തണം