kerala-university

ആലപ്പുഴ: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജുമായി ബന്ധപ്പെട്ട് ഉത്തരക്കടലാസ് വിവാദം മൂർച്ഛിക്കുന്നതിനിടെ, ഉപയോഗിക്കാത്ത ഉത്തരക്കടലാസുകൾ പരീക്ഷാ സെന്ററുകളിൽ നിന്ന് തിരികെ കിട്ടിയിട്ടില്ലെന്ന് കേരള സർവകലാശാലയുടെ 2017-18 ലെ ആഡിറ്റ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തൽ.പരീക്ഷാ സ്റ്റോറിൽ നിന്ന് വിതരണം ചെയ്ത ഉത്തരക്കടലാസുകളുടെ എണ്ണത്തെപ്പറ്റിയോ ശേഷിക്കുന്നവയെപ്പറ്റിയോ സർവകലാശാലയിൽ കൃത്യമായ കണക്കില്ല. കൈപ്പറ്റിയ ഉത്തരക്കടലാസുകളുടെയും വിതരണം ചെയ്തവയുടെയും കണക്ക് ഒത്തുനോക്കി, ഉപയോഗിക്കാത്തവ അവസാന പരീക്ഷാ ദിവസം സർവകലാശാലയ്ക്ക് തിരികെ നൽകണമെന്നാണ് പരീക്ഷാ മാന്വലിലെ വ്യവസ്ഥ. മുഖ്യ പരീക്ഷാസൂപ്രണ്ടിനുള്ള നിർദ്ദേശം പാലിക്കപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ ഉപയോഗിക്കാതെ ശേഷിക്കുന്ന ഉത്തരക്കടലാസുകൾ എത്രയുണ്ടെന്ന് അറിയിക്കാൻ ഇന്നലെ സർവകലാശാലാ രജിസ്ട്രാർ എല്ലാ കോളേജുകൾക്കും നിർദ്ദേശം നൽകിയിരുന്നു. പിഴവുകൾ നേരത്തേ തന്നെ ആഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടും മൗനം പാലിച്ച സർവകലാശാല ഇപ്പോൾ കണക്കുകൾ ശേഖരിച്ച് മുഖം രക്ഷിക്കാൻ വഴി തേടുകയാണ്. 2017-18 ൽ കേരള സർവകലാശാല പരീക്ഷകൾ നടത്തിയ കേന്ദ്രങ്ങളുടെ എണ്ണം 264 ആയിരുന്നു. ഇതിൽ 167 സെന്ററുകളിൽ നിന്നേ വിനിയോഗ സാക്ഷ്യപത്രം കിട്ടിയിട്ടുള്ളൂ. ആഡിറ്റ് റിക്വിസിഷൻ നമ്പർ 2/1718 തീയതി 11-02-2019 ലെ വിവര പ്രകാരം ചോദിച്ചപ്പോൾ കിട്ടിയ വിവരമാണ് ഇതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്വാശ്രയ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള പരീക്ഷാ സെന്ററുകളിൽ ഉത്തരക്കടലാസുകൾ കെട്ടിക്കിടക്കുന്നത് സർവകലാശാലയുടെ ഗുരുതരമായ വീഴ്ചയാണ്. ശേഷിക്കുന്ന ഉത്തരക്കടലാസുകളുടെ കൃത്യത ഉറപ്പുവരുത്താൻ ഒരു നടപടിയും സർവകലാശാല സ്വീകരിക്കാറില്ല. ഉത്തരക്കടലാസ് വിതരണം കമ്പ്യൂട്ടർവത്കരിച്ചിട്ടില്ലെന്ന് 2019 ഫെബ്രുവരി 11ലെ എൻക്വയറി നമ്പർ/എക്സാം സ്റ്റോർ/ 1718 കിട്ടിയ മറുപടിയിൽ സർവകലാശാല വ്യക്തമാക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സർവകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വകുപ്പുകളിലും കേന്ദ്രങ്ങളിലും പോലും ഉത്തരക്കടലാസുകൾ സൂക്ഷിക്കുന്നതിൽ പിഴവുകളുണ്ടെന്ന് ആഡിറ്റ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഉത്തരക്കടലാസ് വിതരണം കമ്പ്യൂട്ടർവത്കരിക്കാൻ അടിയന്തര നടപടി സർവകലാശാല സ്വീകരിക്കണമെന്നും 2017- 18 ലെ റിപ്പോർട്ട് ശുപാർശ ചെയ്തിരുന്നു.