 മണ്ണിൽ പുതഞ്ഞ പായ്ക്കപ്പലിന് 1200 വർഷം പഴക്കം

ആലപ്പുഴ: മണ്ണിൽ പുതഞ്ഞ ആ പായ്ക്കപ്പലിനെ നോക്കി കണ്ണുംതള്ളി ഇരിക്കാനല്ലാതെ പുരാവസ്തു വകുപ്പിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ചേർത്തല തൈക്കലിലെ ചതുപ്പ് പ്രദേശത്ത് നാലടി താഴ്ചയിലാണ് 1,200 വർഷം പഴക്കമുള്ള, 19 മീറ്റർ വീതിയുള്ള പായ്ക്കപ്പൽ വർഷങ്ങൾക്കു മുമ്പ് കണ്ടെത്തിയത്. കപ്പൽ കണ്ടെത്തിയ ഭാഗമുൾപ്പെടെ ഒന്നര ഏക്കർ സ്ഥലം വിലയ്ക്ക് വാങ്ങി പുരാവസ്തുവകുപ്പിന്റെ ഭാഗമാക്കി. പക്ഷേ വസ്തുവിൽ വരാൻ വഴിയില്ലാത്തത് വികസനത്തിന് തടസമാവുകയായിരുന്നു.

വിദേശികൾ വ്യാപാരത്തിനായി കൊണ്ടുവന്നതാണ് ഈ പായ്ക്കപ്പലെന്നു കണക്കാക്കുന്നു. അന്നിവിടം വെള്ളത്താൽ ചുറ്റപ്പെട്ടതായിരുന്നു. അവർ ഉപേക്ഷിച്ചുപോയ പായ്ക്കപ്പൽ കാലക്രമേണ മണ്ണിനടിയിലായി. 29 വർഷം മുമ്പാണ് പായ്ക്കപ്പലിൻെറ ഒരു തടി തെളിഞ്ഞുവന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അടിയിലൊരു പായ്ക്കപ്പലുണ്ടെന്ന് കണ്ടെത്തിയത്. 33 മീറ്റർ നീളത്തിലും 5 മീറ്റർ വീതിയിലും കുഴിയെടുത്തു. ആഞ്ഞിലിയിൽ തീർത്തതെന്ന് കരുതുന്ന പായ്ക്കപ്പലിന് ഒരു കുഴപ്പവുമില്ല. ഇത് ഉയർത്തി പുരാവസ്തു വകുപ്പിന്റെ ഭാഗമാക്കാനായി ശ്രമം. പക്ഷേ സ്ഥലം സ്വകാര്യ വ്യക്തികളുടേതായിരുന്നു. തുടർന്നാണ് വിലയ്ക്കു വാങ്ങിയത്.

പായ്ക്കപ്പൽ പുരാവസ്തു മ്യൂസിയമാക്കുകയായിരുന്നു ലക്ഷ്യം. റോഡിൽ നിന്നു 20 മീറ്റർ മാത്രം ദൂരെയുള്ള സ്ഥലത്തേക്കു വഴിക്ക് പണം നൽകാൻ പുരാവസ്തു വകുപ്പ് തയ്യാറാണെങ്കിലും സ്ഥലം വിട്ടുകിട്ടുകൊടുക്കാൻ ഉടമകൾ തയ്യാറല്ല. കപ്പൽ പുറത്തെടുത്താൽ നശിച്ചുപോകുമെന്നാണ് പുരാവസ്തു വകുപ്പിന്റെ കണ്ടെത്തൽ. ലണ്ടനിൽ ഇങ്ങനെ മണ്ണിനടിയിൽപ്പെട്ട പായ്ക്കപ്പലിനെ പുറത്തെടുത്തതിനെത്തുടർന്ന് നശിച്ചുപോയൊരു കഥയുണ്ട്. വെള്ളത്തിന്റെ ഈർപ്പത്താൽ മണ്ണിനടിയിൽ എത്രവർഷം കഴിഞ്ഞാലും കേടുകൂടാതെ പായ്ക്കപ്പൽ നിലനിൽക്കുമെന്നാണ് വിലയിരുത്തൽ.

# അണ്ടർഗ്രൗണ്ട് മ്യൂസിയം

പായ്ക്കപ്പലിൻെറ നാല് വശത്ത് നിന്നും മണ്ണ് നീക്കം ചെയ്ത് ചുറ്റും ഗ്ളാസിട്ട് അണ്ടർഗ്രൗണ്ട് മ്യൂസിയമാക്കണമെന്ന നിർദ്ദേശം നേരത്തെ പുരാവസ്തുവകുപ്പ് മുന്നോട്ട് വച്ചെങ്കിലും സർക്കാരുകൾക്ക് അതിന് താത്പര്യമില്ലാതായി. അതോടെ മ്യൂസിയം എന്ന ആശയം അവിടെ നിന്നു.

# ഒന്നുമില്ലാഞ്ഞിട്ടും

പുരാവസ്തു വകുപ്പിന് ആലപ്പുഴയിൽ എടുത്തുകാട്ടാൻ ഒന്നുമില്ല. ആകെയുള്ളത് തകഴിയുടെ വീടും കൃഷ്ണപുരം കൊട്ടാരവുമാണ്. ഇരയിമ്മൻ തമ്പിയുടെ ജന്മഗൃഹം ഏറ്റെടുക്കാൻ പുരാവസ്തു വകുപ്പ് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അവകാശത്തർക്കത്താൽ അതും നടന്നില്ല.

# വന്നത് അറബികൾ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ചരക്കുകപ്പലുകൾക്ക് അകമ്പടിയെന്നോണം നൂറുകണക്കിന് പായ്ക്കപ്പലുകളാണ് പണ്ട് ആലപ്പുഴ തീരത്ത് എത്തിയിരുന്നത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ അറബി വംശജരുടേതായിരുന്നു ഇവയെല്ലാം. കേരളത്തിലെ കാപ്പി, തേയില, ചുക്ക്, കുരുമുളക്, ഏലം തുടങ്ങിയ മലഞ്ചരക്ക് ഇടനിലക്കാരില്ലാതെ കൈക്കലാക്കാനാണ് കച്ചവടപ്രിയരായ അറബികൾ പായ്ക്കപ്പലിൽ വന്നിരുന്നത്.

..............................................

'പെട്ടെന്ന് തീരുമാനമെടുക്കാനാവില്ല. എങ്ങനെ സംരക്ഷിക്കണമെന്നതിനെപ്പറ്റി അറിയില്ല. പുറത്തെടുത്താൽ നശിച്ചുപോകും. ഒരുപാട് ചർച്ചകൾ നടന്നതാണ്'

(സി.ആർ.സോണ, ഡയറക്ടർ, പുരാവസ്തുവകുപ്പ്)