ആറു പേർക്കു പരിക്ക്
അമ്പലപ്പുഴ: തോട്ടപ്പള്ളി മാത്തേരി തീരത്തിനു പടിഞ്ഞാറ് പുറംകടലിൽ മത്സ്യബന്ധനത്തിനിടെ തിരയിൽപ്പെട്ട് വിള്ളലുണ്ടായി മറിഞ്ഞ വള്ളത്തിൽ നിന്ന് പത്തു മത്സ്യത്തൊഴിലാളികളെ സമീപത്തുണ്ടായിരുന്ന വള്ളത്തിലെ തൊഴിലാളികൾ രക്ഷപ്പെടുത്തി.
പരിക്കേറ്റ പുറക്കാട് പഞ്ചായത്ത് പുത്തൻപറമ്പ് വീട്ടിൽ കുഷൻ (52), പുറക്കാട് ആഞ്ഞിലി പറമ്പിൽ യശോധരൻ (56), പുതുവലിൽ വിശ്വൻ (58), ആഞ്ഞിലിപ്പറമ്പിൽ പ്രഹ്ളാദൻ (52), കരൂർ പുതുവലിൽ ഹരിക്കുട്ടൻ (54), വേലിക്കകത്ത് തമ്പി (58) എന്നിവരെ ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8.30 ഓടെ മാത്തേരി തീരത്ത് നിന്ന് നാല് നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. പുലർച്ചെ നാലോടെയാണ് സംഘം പുറപ്പെട്ടത്. കാറ്റിലും തിരയിലുംപെട്ട വള്ളം നിയന്ത്രിക്കാനാവാതെ വരികയും വിള്ളലുണ്ടായി വെള്ളം ഇരച്ചു കയറുകയുമായിരുന്നു. രക്ഷപ്പെടുത്തിയ തൊഴിലാളികളെ രാവിലെ 10 മണിയോടെ നീർക്കുന്നം തീരത്ത് എത്തിച്ചു. തീരദേശ പൊലീസ് എ.എസ്.ഐ മാത്യുവിന്റെ നേതൃത്വത്തിലാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.