blade

ആലപ്പുഴ : ഓണവിപണിക്കൊപ്പം 'തടിച്ചു കൊഴുക്കാൻ" കച്ചകെട്ടി ബ്ളേഡ് മാഫിയ രംഗത്ത്. ചെറുകിട വ്യാപാരികളെയും ഓണക്കച്ചവടക്കാരെയും ഉന്നമിട്ട് ബ്ളേഡ് മാഫിയയുടെ ഏജന്റുമാർ വട്ടമിട്ട് പറക്കുകയാണ്. എറണാകുളം കേന്ദ്രമാക്കിയുള്ള മാഫിയകളാണ് ലാഭക്കണ്ണോടെ ജില്ലയിലേക്കും എത്തിയിട്ടുള്ളത്. ഇതേപ്പറ്റി പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്.

പ്രളയത്തെ തുടർന്ന് ജില്ലയിലെ കച്ചവട മേഖലയിൽ വലിയ മാന്ദ്യം അനുഭവപ്പെട്ടതോടെ ചെറുകിട വ്യാപാരികൾ പലരും പാപ്പരായി. എങ്കിലും, ഈ ഓണക്കാലത്തെ കച്ചവടം കൊണ്ട് അതിനെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. കടംവാങ്ങിയും കച്ചവടത്തിനിറങ്ങുന്ന ഇത്തരം കച്ചവടക്കാരാണ് ബ്ളേഡ് മാഫിയയുടെ വലയിൽ കുടുങ്ങുന്നത്. പത്തു മുതൽ പതിനഞ്ചു ശതമാനം വരെ പലിശക്കാണ് ഇവർ പണം കടം നൽകുന്നത്. മലയാളികളും അന്യസംസ്ഥാനക്കാരും ബ്ളേഡ് സംഘത്തിലുണ്ട്. ഏജന്റുമാരെ ഉപയോഗിച്ചാണ് ആവശ്യക്കാരെ കണ്ടെത്തുന്നത്. കടം കൊടുക്കുന്ന പണത്തിനനുസരിച്ച് കമ്മിഷൻ കിട്ടുന്നതിനാൽ വ്യാപാരികളെക്കൊണ്ട് വലിയ തുക പലിശക്കെടുപ്പിക്കാനാണ് ഇടനിലക്കാരുടെ ശ്രമം. പണം തിരിച്ചടക്കാൻ കഴിയാതെ വരുനന്തോടെ ഈടു നൽകിയത് ബ്ളേഡ് മാഫിയയുടെ കൈയിലാകും. ബ്ളേഡ് സംഘങ്ങളെ കുരുക്കാൻ പൊലീസും അതീവ ജാഗ്രതയിലാണ്. തമിഴ്‌നാട്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഒട്ടേറെ ബ്ലേഡ് മാഫിയ സംഘാംഗങ്ങൾ ഒറ്റയ്ക്കും കൂട്ടായും ജില്ലയിലെത്തിയിട്ടുണ്ട്.

........

 ചെക്ക് മുതൽ ആർ.സി ബുക്ക് വരെ

പലിശ ആദ്യം ഈടാക്കിയശേഷമാണു ബ്ലേഡ് മാഫിയ വായ്പത്തുക ആവശ്യക്കാർക്കു കൈമാറുന്നത്.

തിരിച്ചടയ്ക്കാൻ വൈകിയാൽ വീണ്ടും പലിശ നൽകേണ്ടി വരും. ചെക്ക് ലീഫുകൾ, റേഷൻ കാർഡ്, വാഹനങ്ങളുടെ ആർ.സി ബുക്ക് തുടങ്ങിയവ മുതൽ വസ്തുവിന്റെ ആധാരം വരെ ഈടായി വാങ്ങി വച്ചാണ് പണം കടം കൊടുക്കുന്നത്. ഗഡുക്കളായി തിരിച്ചടയ്ക്കണമെന്നാണ് വ്യവസ്ഥ. തവണകളുടെ എണ്ണം കൂടുന്തോറും പലിശ ഇരട്ടിക്കും. തവണ മുടങ്ങിയാലും പലിശ ഇരട്ടിയാകും.

 ചിട്ടിയിൽ തട്ടിപ്പ്

ചിട്ടി നടത്തിപ്പിന്റെ പേരിൽ തട്ടിപ്പു നടത്തുന്ന സംഘങ്ങൾ പെരുകുന്നതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ പൊലീസ് ശക്തമായി രംഗത്തിറങ്ങിയിരുന്നു. ഇത്തരം കേസുകൾ അന്വേഷിക്കുന്നതിനുവേണ്ടി പ്രത്യേക വിഭാഗത്തെ രൂപീകരിച്ചിട്ടുണ്ട്. കേന്ദ്ര ചിട്ടി നിയമപ്രകാരം (1982) മുൻകൂർ അനുമതി ലഭിക്കാത്ത ചിട്ടികളിൽ ആരും ചേരരുത്. ചിട്ടി നടത്തിപ്പുകാർ തരുന്ന പാസ് ബുക്കിൽ ചിട്ടി രജിസ്റ്റർ ചെയ്ത സബ് രജിസ്ട്രാർ ഓഫിസിന്റെ സീൽ പതിച്ചിട്ടുണ്ടെന്നുറപ്പാക്കണം. സംശയമുള്ളവർ പാസ് ബുക്ക് അതതു സബ് രജിസ്ട്രാർ ഓഫീസിൽ ഹാജരാക്കിയാൽ ചിട്ടിയുടെ നിയമ സാധുത സംബന്ധിച്ചു വ്യക്തത കിട്ടും. നിയമപ്രകാരം അല്ലാത്ത ചിട്ടി കമ്പനികൾ ജില്ലയിൽ പല ഭാഗങ്ങളിലും വ്യാപകമാണ്.

........

'' നിലവിൽ ജില്ലയിൽ ബ്ലേഡു സംഘങ്ങളെപ്പറ്റിയുള്ള പരാതികൾ വളരെ കുറവാണ്. മുൻ വർഷങ്ങളിൽ ഒാപ്പറേഷൻ കുബേര വഴി ഇത്തരം സംഘങ്ങളെ തുടച്ച് നീക്കിയിരുന്നു.

(പൊലീസ് വിഭാഗം)